സൂപ്പര്‍കാര്‍ തിരിച്ചു കിട്ടാന്‍ അടച്ചത് 27.68 ലക്ഷം രൂപ പിഴ !

സൂപ്പര്‍കാര്‍ തിരിച്ചു കിട്ടാന്‍ അടച്ചത് 27.68 ലക്ഷം രൂപ പിഴ !

ആര്‍സി ബുക്കും ടാക്‌സ് അടച്ച രേഖകളും നമ്പറുമില്ലാതെ റോഡിലിറങ്ങിയ പോര്‍ഷെ 911ന് അഹമ്മദാബാദ് പൊലീസ് 9.80 ലക്ഷം രൂപ പിഴ നല്‍കിയ വാര്‍ത്ത കുറച്ചു നാള്‍മുമ്പ് സമൂഹമാധ്യമങ്ങളില്‍ തരംഗമായതാണ്.എന്നാല്‍ ടാക്‌സ് അടയ്ക്കാത്ത ആ സൂപ്പര്‍കാര്‍ തിരിച്ചു ലഭിക്കുന്നതിനായി ഉടമ 27.68 ലക്ഷം രൂപ പിഴ അടച്ചു എന്നാണ് അഹമ്മദാബാദ് പൊലീസ് പറയുന്നത്. ഗുജറാത്ത് സ്വദേശി രഞ്ജിത് ദേശായിയുടേതാണ് കാര്‍.

വാഹനത്തിന്റെ രേഖകള്‍ പൊലീസ് ഹാജരാക്കാന്‍ പറഞ്ഞെങ്കിലും ഉടമയ്ക്ക് അതു സാധിച്ചില്ല. തുടര്‍ന്നാണ് ടാക്‌സ് അടക്കം പിഴയായി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടത്.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വാഹന പിഴയാണിതെന്ന് അഹമ്മദാബാദ് പൊലീസ് പറയുന്നു.
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷയുടെ 1.82 കോടി രൂപ വിലയുള്ള കാറാണ് 911 കരേര എസ് മോഡല്‍.പോര്‍ഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 911 കരേര എസ്. 3.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തു പകരുന്ന വാഹനത്തിന് 444 ബിഎച്ച്പി കരുത്തും 530 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.7 സെക്കന്റ് മാത്രം മതി  ഈ കരുത്തന്.