ന്യൂഡല്‍ഹി: ലോക്സഭയിലെ തന്റെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് വയനാട് എം.പി.യും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ഭരണടഘടനയിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലെ തന്റെ ആദ്യ പ്രസംഗം നടത്തിയത്. ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചമാണെന്നും ഭരണകക്ഷിയായ ബി.ജെ.പി. അതിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
നിലവിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ പരിഹരിക്കാന്‍ ഒരു ബാലറ്റ് നടത്തണമെന്നും കോണ്‍ഗ്രസ് എംപി നിര്‍ദേശിച്ചു, ‘ഒരു ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തുക, സത്യം വെളിപ്പെടും’ പ്രിയങ്ക കൂട്ടിച്ചേർത്തു.
‘നമ്മുടെ ഭരണഘടന നീതിയുടേയും ഐക്യത്തിന്റേയും അഭിപ്രായസ്വാതന്ത്ര്യത്തിന്റേയുമെല്ലാം സംരക്ഷണകവചമാണ്. അത് ജനങ്ങളെ സംരക്ഷിച്ചുപിടിക്കുന്നു. എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ, 10 വര്‍ഷമായി ഭരണകക്ഷി ആ കവചത്തെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്.’ -പ്രിയങ്ക പറഞ്ഞു.
പേരെടുത്ത് പറയാതെ ഗൗതം അദാനിക്ക് ബി.ജെ.പിയുമായി അവിശുദ്ധ ബന്ധമുണ്ടെന്നും പ്രിയങ്ക വിമര്‍ശിച്ചു. രാജ്യത്തെ 142 കോടി പൗരന്മാരെ തള്ളി ചില വ്യക്തികള്‍ക്കുവേണ്ടി മാത്രമായാണ് ബി.ജെ.പി. സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് അവര്‍ പറഞ്ഞു.
‘142 കോടി ഇന്ത്യക്കാരെ അവഗണിച്ചുകൊണ്ട് ഒരാളെ സംരക്ഷിക്കുന്നത് രാജ്യം കാണുകയാണ്. ബിസിനസുകള്‍, പണം, വിഭവങ്ങള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് മാത്രം നല്‍കുന്നു. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരാള്‍ക്ക് മാത്രമായി നല്‍കുന്നു.’ -പ്രിയങ്ക പറഞ്ഞു.
സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി, സ്വകാര്യവത്കരണം എന്നീ നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ സംവരണത്തെ അട്ടിമറിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹികനീതിയുടെ തത്വങ്ങളെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കന്നിപ്രസംഗത്തില്‍ പ്രിയങ്ക പറഞ്ഞു.