back to top
Friday, February 21, 2025
Google search engine
HomeSportsരഞ്ജി ട്രോഫി: അസാധ്യമെന്ന് കരുതിയ വിജയം പൊരുതി നേടി കേരളം സെമിയിൽ

രഞ്ജി ട്രോഫി: അസാധ്യമെന്ന് കരുതിയ വിജയം പൊരുതി നേടി കേരളം സെമിയിൽ

പൂണെ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അസാധ്യമെന്ന് കരുതിയ വിജയം പൊരുതി നേടി കേരളം സെമിയിൽ പ്രവേശിച്ചു. ഒരിക്കല്‍ കൂടി കേരളത്തിന്‍റെ രക്ഷകനായി അവതരിച്ചത് സല്‍മാന്‍ നിസാറാണ്.കളിയിലെ കേമനും സൽമാനാണ്. 399 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം 100-2 എന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളം പടുകൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശി വിക്കറ്റ് കളയാന്‍ ശ്രമിക്കാതെ സമനിലക്കായി പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്ത കേരളം ഒന്നാം ഇന്നിംഗ്സിലെ ഒരു റൺ ലീഡിന്‍റെ ബലത്തില്‍ സെമിയിലെത്തി. 17ന് തുടങ്ങുന്ന സെമിയില്‍ ഗുജറാത്താണ് കേരളത്തിന്‍റെ എതിരാളികള്‍. രണ്ടാം സെമിയില്‍ മുംബൈ വിദർഭയെ നേരിടും.

രഞ്ജി ട്രോഫി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കേരളം സെമിയിലെത്തുന്നത്. 2018-2019 സീസണിലായിരുന്നു രഞ്ജി ട്രോഫിയില്‍ കേരളം ആദ്യമായി സെമിയിലെത്തിയത്. 2017-18 സീസണിലായിരുന്നു കേരളം ആദ്യമായി ക്വാര്‍ട്ടര്‍ കളിച്ചത്. ജമ്മു കശ്മീരിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 280 റണ്‍സിന് മറുപടിയായി കേരളം 281 റണ്‍സടിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ജമ്മു കശ്മീര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സടിച്ചു. സ്കോര്‍ ജമ്മു കശ്മീര്‍ 280, 399, കേരളം, 281, 291-6.

അവസാന ദിനം തുടക്കം മുതല്‍ പ്രതിരോധത്തിലൂന്നി സമനിലക്കായി കളിച്ച കേരളത്തിനായി അക്ഷയ് ചന്ദ്രന്‍ 183 പന്തുകള്‍ നേരിട്ട് 48 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 162 പന്തുകള്‍ നേരിട്ട് 48 റണ്‍സടിച്ചു. ആദ്യ സെഷനില്‍ വിക്കറ്റ് വീഴ്ത്താനാവാതെ എറിഞ്ഞു തളര്‍ന്ന ജമ്മു കശ്മീര്‍ ബൗളര്‍മാര്‍ പ്രതീക്ഷ നഷ്ടമായി.

എന്നാല്‍ രണ്ടാം സെഷനില്‍ സച്ചിന്‍ ബേബിയെയും അക്ഷയ് ചന്ദ്രനെയും പുറത്താക്കിയ സാഹില്‍ ലാഹോത്ര കേരളത്തെ ഞെട്ടിച്ചു. പിന്നാലെ പ്രതീക്ഷയായ ജലജ് സക്സേനയെയും(18), ആദിത്യ സര്‍വാതെയയും(8) ആബിദ് മുഷ്താഖ് പുറത്താക്കിയതോടെ കേരളം 128-2ല്‍ നിന്ന് 180-6ലേക്ക് കൂപ്പുകുത്തി. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ച സല്‍മാന്‍ നിസാര്‍ രണ്ടാം ഇന്നിംഗ്സിലും കേരളത്തിന്‍റെ രക്ഷകനായി.

വിജയപ്രതീക്ഷയിലായ ജമ്മു കശ്മീരീനെ ഒരു സെഷനോളം മുഹമ്മദ് അസറുദ്ദീനെ കൂട്ടുപിടിച്ച് സല്‍മാന്‍ നിസാര്‍ പ്രതിരോധിച്ചു നിന്നു. ഒടുവില്‍ 291-6 എന്ന സ്കോറില്‍ ഇരു ടീമുകളും കൈകൊടുത്ത് പിരിഞ്ഞപ്പോള്‍ ഒരു റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന്‍റെ ബലത്തില്‍ കേരളം സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. 162 പന്ത് നേരിട്ട സല്‍മാന്‍ നിസാര്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 118 പന്ത് നേരിട്ട മുഹമ്മദ് അസറുദ്ദീന്‍ 67 റണ്‍സുമായി പുറത്താകാതെ നിന്നു. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേർന്ന് 111 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കേരളത്തിന് സമനില സമ്മാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments