മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഡിസംബർ 2ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും 3ന് കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിലെ നിലവിലെ ഓറഞ്ച് അലർട്ട്, റെഡ് അലർട്ട് ആയി ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർത്തിയിരുന്നു. നാളെ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്‍ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.