ജറുസലേം: ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാല്‍ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഇസ്രയേല്‍ ആക്രമണം നടത്തുന്നതായി ആരോപിച്ച് ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം ഹമാസ് നീട്ടിവച്ചതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
ഇസ്രയേലുമായി വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് പ്രതികരിച്ചു. വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കുന്നത് ഇസ്രയേല്‍ ആണെന്ന് ഹമാസ് ആരോപിച്ചു. ജനുവരി 19ന് വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടം പ്രാബല്യത്തില്‍ വന്നതു മുതല്‍ ബന്ദികളെ ഹമാസ് വിട്ടയച്ചു തുടങ്ങിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണ ഇസ്രയേല്‍ ലംഘിക്കുന്നതായി കാട്ടി ബന്ദികളെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടയക്കില്ലെന്ന് ഇന്നലെ ഹമാസ് വ്യക്തമാക്കി.
ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ ശനിയാഴ്ച വരെ സമയം നല്‍കുമെന്നും അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം, പക്ഷേ എന്റെ കാര്യത്തില്‍, ശനിയാഴ്ച രാത്രി 12 മണിക്ക് അവര്‍ ഇവിടെ ഇല്ലെങ്കില്‍, വീണ്ടും നരകം സൃഷ്ടിക്കും, ട്രംപ് പറഞ്ഞു. താന്‍ നിര്‍ദേശിച്ച സമയപരിധിയെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.