അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം അതിശക്തമായ നിലയിലേക്ക്. രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് എന്ന നിലയിലാണ്.
സെഞ്ചുറി നേടിയ മുഹമ്മദ് അസറുദ്ദീന് (149), ആദിത്യ സര്‍വാതെ (10) എന്നിവരാണ് ക്രീസില്‍. 303 പന്തുകൾ നേരിട്ട മുഹമ്മദ് അസറുദ്ദീൻ 17 ഫോറുകൾ സഹിതമാണ് 149 റൺസെടുത്തത്. ആദിത്യ സർവാതെ 22 പന്തിൽ ഒരേയൊരു ഫോർ സഹിതം 10 റൺസെടുത്തു.
രണ്ടാം ദിനം 88 ഓവർ ക്രീസിൽ നിന്ന കേരളത്തിന് മൂന്നു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. തുടക്കത്തിൽ തന്നെ സച്ചിൻ ബേബിയെ (69) നഷ്ടമായെങ്കിലും പിന്നീട് അസറുദ്ദീനും സൽമാനും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു.
സല്മാന് നിസാര്‍ (52) റൺസ് നേടി. ഗുജറാത്തിന് വേണ്ടി അര്‍സാന്‍ നാഗ്വസ്വാല മൂന്ന് വിക്കറ്റ് വീഴ്ത്തി.
രണ്ടാം സെമി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ മുംബൈയ്ക്ക് ബാറ്റിംഗ് തകർച്ച. ഒന്നാം ഇന്നിംഗ്സിൽ വിദർഭ നേടിയ 383 റൺസിന് മറുപടി പറയുന്ന മുംബൈ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിലാണ്.
ആകാശ് ആനന്ദ് (67), തനുഷ് കൊട്യാൻ (അഞ്ച്) എന്നിവരാണ് ക്രീസിൽ. സൂര്യകുമാർ യാദവ് (0), അജിന്‍ക്യ രഹാനെ (18), ശിവം ദുബെ (0) എന്നിവർ അതിവേഗം പുറത്തായതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ രണ്ടിന് 113 എന്ന നിലയിലായിരുന്ന മുംബൈ പൊടുന്നനെ ആറിന് 118 എന്ന നിലയിലേക്ക് വീണു.
അഞ്ച് റണ്‍സിനിടെ നാല് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ഇപ്പോഴും 195 റണ്‍സ് പിന്നിലാണ് നിലവിലെ ചാന്പ്യൻമാർ. വിദർഭയ്ക്കായി പി.ആർ.രേഖാഡെ മൂന്നും യഷ് താക്കൂർ രണ്ടും വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിദര്‍ഭയ്ക്ക് ധ്രുവ് ഷോറെ (74), ഡാനിഷ് മലേവാര്‍ (79), യഷ് റാത്തോഡ് (54), കരുണ്‍ നായര്‍ (45) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മുംബൈക്ക് വേണ്ടി ശിവം ദുബെ അഞ്ച് വിക്കറ്റ് വീഴ്ത്തി.