തൃശ്ശൂര്‍: കലാമണ്ഡലത്തിൻ്റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി വ്യാഴാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
“വളരെയധികം സന്തോഷമുണ്ട്. കലാമണ്ഡലം ആരംഭസമയത്ത് ചെന്നൈയില്‍നിന്നുള്ള എ.ആര്‍.ആര്‍. ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്കുശേഷം നൃത്തവിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യകരമായായ കാര്യമായാണ് കാണുന്നത്,” ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
1996-മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ മോഹിനിയാട്ട കളരിയില്‍ പഠിച്ച ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എം.ജി. യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി. കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ എംഫില്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്ന രാമകൃഷ്ണന്‍ കലാമണ്ഡലത്തില്‍ നിന്നുതന്നെയാണ് പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയത്. നെറ്റ് യോഗ്യത നേടിയിട്ടുണ്ട്.അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.