മണിമണ്ഡപം എന്ന അയ്യപ്പന്‍റെ ജീവസമാധി 

മണിമണ്ഡപം എന്ന അയ്യപ്പന്‍റെ ജീവസമാധി 

ശബരിമലയിലെ മണിമണ്ഡപം:

ശബരിമല തീര്‍ത്ഥാടകര്‍ നേരിട്ടും അല്ലാത്തവര്‍ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്റെ ജീവ സമാധി എന്നറിയപ്പെടുന്ന ഇടം.സത്യത്തില്‍ ശബരിമല തീര്‍ത്ഥാടകരായ വലിയൊരു വിഭാഗം ഭക്തര്‍ക്കും ഇരുമുടിയില്‍ നിറച്ചു പോകുന്ന ഭസ്മം തൂവുന്നതിനുള്ള ഇടം എന്നതില്‍ കവിഞ്ഞുള്ള പരിജ്ഞാനം തുലോം കുറവായിരുന്നു എന്നതായിരുന്നു പരമാര്‍ത്ഥം.ശബരിമല തീര്‍ത്ഥാടനം എന്നത് ഗുരുസ്വാമിമാരില്‍ നിന്നും ആരംഭിക്കാത്തതിന്റെ കുറവ് ഇന്നത്തെ തലമുറ അനുഭവിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ ആശയങ്ങളുടെ കടന്നുവരവ്.

ശബരിമല എന്നത് വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും സമ്മിശ്ര വികാരമാണ്.അനുഭവിച്ചറിവിന്റെ പാരമ്യതയാണ് ശബരിമല തീര്‍ത്ഥാടനം എന്നത്.തീര്‍ത്ഥാടന വേളയിലെ പ്രധാനപ്പെട്ട ഇടമാണ് മാളികപ്പുറത്തെ മണിമണ്ഡപം.ആ മണിമണ്ഡപത്തിന്റെ പ്രസക്തി എന്തെന്നത് വ്യക്തമായി ഏവരും മനസ്സിലാക്കണം.സ്വാമി അയ്യപ്പനും മാളികപ്പുറത്തമ്മയും മാളികപ്പുറത്തെ ഗുരുതിയും യുക്തിയില്‍ ഉറച്ച ഭക്തിയും ഭക്തിയില്‍ ഉറച്ച യുക്തിയും ഉണ്ടാവണം എന്ന വിശ്വാസത്തോടെ തയ്യാറാക്കിയ വിവരണം.

കന്നി സ്വാമിമാര്‍ ശബരിമലയില്‍ ദര്‍ശനത്തിന് വരാത്ത ഒരു കാലമുണ്ടെകില്‍ അന്ന് അയ്യപ്പന്‍ മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന ഒരു കഥ പ്രചാരത്തിലുണ്ട്.അപ്രകാരം കന്നി സ്വാമിമാര്‍ എത്തിയതിന് തെളിവാണ് ശരം കുത്തിയില്‍  കാണുന്ന ശരക്കോലുകള്‍ എന്നും അത് നോക്കി ഉറപ്പാക്കുക ഇല്ലെങ്കില്‍ അയ്യപ്പസ്വാമിയെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ മാളികപ്പുറത്തമ്മ ശരം കുത്തി വരെ മകരം 5 ന് എഴുന്നെള്ളുമെന്നുമുള്ള സര്‍വ്വാബദ്ധം മനഃപൂര്‍വ്വമായോ അല്ലാതെയോ ഇവിടെ പ്രചരിക്കപ്പെട്ടു പോന്നിട്ടുണ്ട്.അവിടെ കുന്നുകൂടി കിടക്കുന്ന  ശരക്കോലുകള്‍ കണ്ട് ഖിന്നയായി വിവാഹം മുടങ്ങിയ നിരാശയോടെ ദേവി മാളികപ്പുറത്തേയ്ക്ക് തിരിച്ചെഴുന്നെള്ളി അടുത്തവര്‍ഷം വരെ കാത്തിരിക്കുന്നു  എന്നുള്ള തെറ്റിദ്ധാരണയാണ്  സത്യത്തേക്കാള്‍ കൂടുതലായി  പ്രചരിക്കപ്പെട്ടിട്ടുള്ളത്.

യഥാര്‍ഥത്തില്‍ മാളികപ്പുറത്ത് കുടികൊള്ളുന്ന ദേവി പന്തളം രാജാവിന്റെ പരദേവതയായ മധുര മീനാക്ഷിയാണ്.ദേവിക്ക് മാതൃഭാവത്തിലുള്ള സ്ഥാനമാണ് നല്കിയിട്ടുള്ളതും.പിന്നെയാരാണ് മകരം 1 മുതല്‍ 4 വരെ പതിനെട്ടാം പടിക്കല്‍ വരെയും മകരം 5 നു ശരം കുത്തിയിലേക്കും എഴുന്നെള്ളുന്നത് മണിമണ്ഡപം എന്ന മഹായോഗപീഠത്തില്‍ ജീവ സമാധിയില്‍ കുടികൊള്ളുന്ന ആര്യന്‍ കേരളന്‍ എന്ന അയ്യപ്പന്‍ എന്ന അയ്യപ്പസ്വാമിയാണ് ഇപ്രകാരം എഴുന്നെള്ളുന്നത്  എന്ന ചരിത്ര സത്യം എത്രപേര്‍ക്ക് അറിയാം?

പതിനെട്ടാം പടിക്കു മുകളില്‍ കുടികൊള്ളുന്ന ശ്രീധര്‍മ്മശാസ്താവിനെ കാണുവാന്‍ അയ്യപ്പസ്വാമി നടത്തുന്ന ഈ എഴുന്നെള്ളത്ത് വിളക്കെഴുന്നെള്ളത്ത് എന്നാണ് അറിയപ്പെടുന്നത്.പാരമ്പര്യമായി റാന്നി കുന്നക്കാട്ട് കുടുംബത്തിലെ അംഗങ്ങള്‍ മകരം ഒന്നിന് അയ്യപ്പസ്വാമിയെ ജീവസമാധിയില്‍ നിന്ന് ഉണര്‍ത്തിയ ശേഷം മണിമണ്ഡപത്തില്‍ കളമെഴുതുകയും തുടര്‍ന്ന് മണിമണ്ഡപത്തില്‍ നിന്നും വിളക്ക് എഴുന്നള്ളത്തു നടത്തി പതിനെട്ടാം പടിയില്‍ നായാട്ടു വിളിക്കു ശേഷം തിരിച്ചു മണിമണ്ഡപത്തിലേക്കു അയ്യപ്പസ്വാമിയെ എഴുന്നെള്ളിച്ച് പൂജക്ക് ശേഷം കളം മായ്ക്കുകയും ചെയ്യുന്നു.മകരം ഒന്നു മുതല്‍ അഞ്ചു വരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തില്‍ വരയ്ക്കുന്നത്.ബാലകന്‍, പുലിവാഹനന്‍, അമ്പും വില്ലും ധരിച്ച വില്ലാളി വീരന്‍, സര്‍വ്വാഭരണഭൂഷിതന്‍, ശാസ്താവില്‍ വിലയിച്ച് ചിന്മുദ്രാങ്കിതനായ  സമാധിസ്ഥന്‍ എന്നിവയാണത്.

മകരം 1 മുതല്‍ 4 വരെ അയ്യപ്പന്‍ ജീവസമാധിയായ മണിമണ്ഡപത്തില്‍ നിന്നും പൊന്നു പതിനെട്ടാം പടിയിലേക്കും മകരം 5 നു ശരം കുത്തിയിലേക്കും അയ്യപ്പന്റെ മകരവിളക്ക് എഴുന്നള്ളത്തു ആണ് നടക്കുന്നത്.യഥാര്‍ഥത്തില്‍ ഈ വിളക്കെഴുന്നെള്ളിപ്പാണ് മകരവിളക്ക് എന്ന് പൗരാണിക കാലം മുതല്‍ അറിയപ്പെടുന്നത്.പന്തളം കൊട്ടാരത്തില്‍ നിന്ന് ശിരസ്സില്‍ ഏറ്റി എഴുന്നെള്ളി എത്തിക്കുന്ന തിരുവാഭരണപ്പെട്ടിയില്‍ വീരയോദ്ധാഭാവത്തിലുള്ള സ്വാമി അയ്യപ്പന്റെ കൊമ്പന്‍ മീശയുള്ള തിരുമുഖം ആലേഖനം ചെയ്ത തിടമ്പും, അധികാര ചിഹ്നങ്ങളായ തലപ്പാറമല ഉടുമ്പാറമല എന്നിവയുടെ കൊടി അകമ്പടിയോടും കൂടിയാണ് ആണ് വിളക്ക് എഴുന്നള്ളത്ത്  നടക്കുന്നത്.

മകരം 5 ന്  അയ്യപ്പസ്വാമി ശരം കുത്തിയിലേക്കു എഴുന്നള്ളി ഭൂതഗണങ്ങളുമായി തിരിച്ചു എഴുന്നള്ളുന്നു.മുമ്പ് ശബരിമല ഉത്സവ കാലം മകരം ഒന്നു മുതല്‍ ആയിരുന്നു.അതിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് സൗകര്യത്തിനായി സന്നിധാനത്തു നിന്ന് മലദൈവങ്ങള്‍,ഭൂതനാഥനായ ഭഗവാന്റെ ഗണങ്ങള്‍ എന്നിവര്‍ സന്നിധാനത്തു നിന്ന് ശരംകുത്തിയിലേക്ക് ഒഴിഞ്ഞു നില്‍ക്കും.ഇവരെ തിരികെ ക്ഷണിച്ചു കൊണ്ട് വന്നാണ് ഗുരുതി നടത്തുന്നത്.ഉപചാരപൂര്‍വ്വമുള്ള ഭൂതഗണങ്ങളുടെ വരവായതിനാല്‍ വാദ്യമേളങ്ങള്‍,തീവെട്ടി ഇവ ഒഴിവാക്കുന്നു.ഇതാണ് മാളികപ്പുറത്തമ്മയുടെ പ്രേമഭംഗത്തിന്റെ അടയാളമായി വിവരിച്ചുകാട്ടുന്നത്.

ഇതിനു ശേഷം മണിമണ്ഡപത്തിനു മുന്‍പില്‍ ചൈതന്യ ശുദ്ധിക്കായി ഗുരുതിയും നടത്തുന്നു.അയ്യപ്പന്റെ മണിമണ്ഡപത്തില്‍ നിന്നുള്ള വിളക്ക് എഴുന്നള്ളത്തു മാളികപ്പുറത്തു നിന്നായതു കൊണ്ട് ഇത് ആദ്യം മാളികപ്പുറം എഴുന്നെള്ളത് എന്നും പിന്നീട് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തു എന്ന് തെറ്റി ധരിക്കപ്പെട്ടു.മകരം അഞ്ചിന് പന്തളം രാജാവ് നേരിട്ട് നടത്തുന്ന കളഭാഭിഷേകത്തിനു ശേഷം അവകാശികള്‍ക്ക് നല്‍കുന്ന സദ്യ'കളഭ സദ്യ' എന്നാണ് അറിയപ്പെടുന്നത്.ഇത് നടക്കാതെപോയ കല്യാണ സദ്യ എന്നും തെറ്റിദ്ധരിക്കപ്പെട്ടു.


 

ജീവ സമാധിയില്‍ നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പസ്വാമി കുടികൊള്ളുന്ന ഇടമായതിനാലാണ് യൗവനയുക്തകളായ സ്ത്രീകള്‍ക്ക് ശബരിമല സന്നിധാനത്ത് നിയന്ത്രണം ഉള്ളത്.ജീവസമാധിയെന്നാല്‍ ചിരഞ്ജീവിയായ അവസ്ഥയാണ്. ആവശ്യമുള്ളപ്പോള്‍ ഉണര്‍ത്താന്‍ (ഉണരാന്‍) സാധിക്കുന്ന ഇവിടെ വര്‍ഷത്തി ലൊരിക്കല്‍ ഉണര്‍ത്തുന്ന(ഉണരുന്ന) അവസ്ഥയാണ്.മഹാസമാധി അഥവാ നിര്‍വ്വാണാവസ്ഥയല്ല എന്ന് സാരം.