സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ലഭിച്ച വാട്‌സ്ആപ്പ് മെസേജിന് പുറകേപോയ മുംബൈ പോലീസിനെ കാത്തിരുന്നത് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്. റിലീസിനൊരുങ്ങുന്ന സല്‍മാന്‍ ചിത്രമായ സിക്കന്ദറിലെ ‘മേന്‍ ഹൂന്‍ സിക്കന്ദര്‍…’ എന്ന പാട്ടെഴുതിയ യൂട്യൂബറാണ് മുംബൈ പോലീസിന്റെ പിടിയിലായത്. സല്‍മാനെ പ്രകീര്‍ത്തിച്ച് താന്‍ എഴുതിയ പാട്ട് ഹിറ്റാകാനും പണം ലഭിക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു പാതകം ചെയ്തതെന്നാണ് ‘യൂട്യൂബ് കവി’ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
നവംബര്‍ ഏഴിന് മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പിലാണ് സല്‍മാനെയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് പാട്ടെഴുതിയ ആളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതുകൊണ്ടുതന്നെ പോലീസ് ഉടനടി അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ലഖ്മി ഗൗതം, ഡെപ്യൂട്ടി കമ്മീഷണര്‍ ദത്ത നാലാവാഡെ എന്നിവരുടെ നേതൃത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ മിലിന്ദ് കാട്ടെ നടത്തിയ അന്വേഷണം എത്തിനിന്നത് കര്‍ണാടകയിലാണ്.
കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയിലെ മാന്‍വി ഗ്രാമത്തിലെത്തിയ അന്വേഷണ സംഘം സന്ദേശം അയക്കപ്പെട്ട വാട്‌സ്ആപ്പ് നമ്പറിന്റെ ഉടമയായ വെങ്കടേഷ് നാരായണനെ കസ്റ്റഡിയിലെടുത്തു. കര്‍ഷകനായ വെങ്കടേഷിന്റെ കൈയില്‍ സാധാരണ കീപാഡ് ഫോണാണ് ഉള്ളതെന്ന് കണ്ട പോലീസ് അദ്ദേഹത്തെ വിശദമായി ചോദ്യംചെയ്തതോടെ ഞെട്ടി. നവംബര്‍ മൂന്നിന് ചന്തയില്‍വെച്ച് ഒരു ചെറുപ്പക്കാരന്‍ തന്റെ ഫോണ്‍ വാങ്ങിയിരുന്നെന്നും അതല്ലാതെ വേറെയൊന്നും അറിയില്ലെന്നും വെങ്കടേഷ് പറഞ്ഞു.
അങ്കലാപ്പിലായ പോലീസ് വെങ്കടേഷിന്റെ ഫോണ്‍ വിശദമായി പരിശോധിച്ചതില്‍ വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുവേണ്ടിയുള്ള ഒറ്റത്തവണ പാസ്‌വേഡുകള്‍ കണ്ടതോടെ പോലീസിന് സംഗതി ഏകദേശം പിടികിട്ടി. ശരിക്കുമുള്ള ‘വില്ലന്‍’ വെങ്കടേഷിന്റെ ഫോണ്‍നമ്പര്‍ ഉപയോഗിച്ചാണ് പോലീസിന് ഭീഷണി സന്ദേശം അയച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതിയിലേക്ക് എത്തിയ പോലീസിനെ കാത്തിരുന്നത് വമ്പന്‍ ട്വിസ്റ്റാണ്. സല്‍മാനെയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് പാട്ടെഴുതിയ ആളെയും വധിക്കുമെന്ന ഭീഷണി സന്ദേശമയച്ചത് മറ്റാരുമല്ല, ആ പാട്ടെഴുതിയ സൊഹൈല്‍ പാഷ തന്നെ.
യൂട്യൂബറും പാട്ടെഴുത്തുകാരനുമായ റസീല്‍ പാഷ എന്ന് വിളിക്കപ്പെടുന്ന 23-കാരനായ സൊഹൈല്‍ പാഷ തന്റെ പാട്ടിന് കുറച്ചുകൂടി പ്രശസ്തിയും പണവും ലഭിക്കും എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറയുന്നു.