ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തേയും അവസാനത്തേയും ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഓപ്പണിംഗ് ബാറ്ററും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ 109*(56), തിലക് വര്‍മ്മ 120*(47) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഒരു വിക്കറ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. അഭിഷേക് ശര്‍മ്മ 36(18) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.
പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 85 പന്തുകളില്‍ നിന്ന് 210 റണ്‍സാണ് സഞ്ജു സാംസണ്‍ – തിലക് വര്‍മ്മ സഖ്യം അടിച്ചെടുത്തത്. പത്ത് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളുമാണ് 22കാരനായ തിലക് വര്‍മ്മയുടെ ബാറ്റില്‍ നിന്ന് പിറന്നത്. അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും സഞ്ജുവിന് പിന്നാലെ തിലകും സ്വന്തം പേരിലാക്കി.
56 പന്തുകള്‍ നേരിട്ട സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ആറ് ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും പിറന്നു. ട്വന്റി 20 കരിയറിലെ തന്റെ മൂന്നാം സെഞ്ച്വറിയും ഈ പരമ്പരയിലെ രണ്ടാം സെഞ്ച്വറിയുമാണ് താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കുറിച്ചത്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നാണ് ഈ മൂന്ന് സെഞ്ച്വറികളും പിറന്നത് എന്ന പ്രത്യേകതയുമുണ്ട്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡര്‍ബനില്‍ സെഞ്ച്വറി കുറിച്ച താരം ഖ്വേബര്‍ഹയിലെ രണ്ടാം മത്സരത്തിലും സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട്‌സ് പാര്‍ക്കില്‍ നടന്ന മൂന്നാം മത്സരത്തിലും ഡക്കായി പുറത്തായിരുന്നു.