ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി-20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിൻ്റെ സിക്സര്‍ മുഖത്ത് തട്ടി ഗാലറിയിലിരുന്ന യുവതിക്ക് പരിക്ക്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തിലാണ് സഞ്ജുവിന്റെ സിക്സര്‍ യുവതിയുടെ കവിളില്‍ കൊണ്ടത്.
അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ അടുത്ത പന്തില്‍ സഞ്ജു വീണ്ടും സിക്സര്‍ അടിക്കുകയായിരുന്നു. ഡീപ് മിഡ്വിക്കറ്റിന് മുകളിലൂടെ പന്ത് ഗാലറിയിലേക്ക്. ഗാലറിയുടെ കൈവരിയില്‍ തട്ടിയ പന്ത് സുരക്ഷാ ജീവനക്കാരൻ്റെ മുകളിലൂടെ യുവതിയുടെ മുഖത്ത് പതിച്ചു.
ഇതുകണ്ട് എന്തെങ്കിലും പറ്റിയോ എന്ന് സഞ്ജു ആംഗ്യത്തിലൂടെ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. വേദനകൊണ്ട് കരഞ്ഞ യുവതിക്ക് ആരോ ഐസ്ക്യൂബ് എത്തിച്ചുകൊടുത്തു. ഈ ഐസ്ക്യൂബ് മുഖത്ത് ചേര്‍ത്ത്പിടിച്ച് കണ്ണീരോടെ ഇരിക്കുന്ന യുവതിയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറാലവുകയും ചെയ്തു.
സഞ്ജു സാംസണും തിലക് വർമയും പടുത്തുയർത്തിയ കൂറ്റൻ സ്കോറിന് മുന്നിൽ ദക്ഷിണാഫ്രിക്ക മുട്ടുമടക്കിയിരുന്നു. ഇരുവരുടെയും വ്യക്തിഗത സെഞ്ചുറി പ്രഭയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയ 283 റൺസിനടുത്തെത്താൻ പോലും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 18.2 ഓവറിൽ 148 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാൻ കഴിഞ്ഞത്. ജയത്തോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കി. തിലക് വർമയാണ് കളിയിലേയും പരമ്പരയിലേയും താരം.