back to top
Monday, February 24, 2025
Google search engine
HomeLatest News'നല്ല നേതാക്കളുടെ അഭാവം, ജനസമ്മതിയില്‍ മുന്നിൽ താൻ'; സംസ്ഥാന കോൺഗ്രസിൽ കലാപ കൊടിയുയർത്തി ശശി തരൂര്‍

‘നല്ല നേതാക്കളുടെ അഭാവം, ജനസമ്മതിയില്‍ മുന്നിൽ താൻ’; സംസ്ഥാന കോൺഗ്രസിൽ കലാപ കൊടിയുയർത്തി ശശി തരൂര്‍

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുറന്ന യുദ്ധത്തിലേക്ക് ശശി തരൂര്‍. പാര്‍ട്ടിയില്‍ നല്ല നേതാക്കളുടെ അഭാവമുണ്ടെന്നും ജനസമ്മതിയില്‍ താനാണ് മുന്നിലെന്നും തരൂര്‍ തുറന്നടിച്ചു. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പിലും പരാജയമുണ്ടാകും. തന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമുണ്ടെങ്കില്‍ ഉപയോഗിക്കാം, അല്ലെങ്കില്‍ തനിക്ക് മറ്റ് വഴികളുണ്ടെന്നും തരൂര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി സ്ഥാനമാണ് തരൂര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമായതോടെ, സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം രൂക്ഷമായി. ”ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊതുവെ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ പോലും തനിക്ക് വോട്ട് ചെയ്തു. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്” എന്ന് പറഞ്ഞുകൊണ്ടാണ് തരൂര്‍ മനസ് തുറക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു നേതാവിന്റെ അഭാവമുണ്ട്. സ്വതന്ത്ര അഭിപ്രായ സർവേകളിൽ സംസ്ഥാനത്ത് ജനസമ്മതിയിൽ താനാണ് മുന്നിലുള്ളത്. പാർട്ടിക്ക് ആവശ്യമാണെങ്കിൽ ഇത് ഉപയോഗപ്പെടുത്താം. പാർട്ടിക്ക് താല്പര്യമുണ്ടെങ്കിൽ താന്‍ എപ്പോഴും സന്നദ്ധനാണെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസുകാരുടെ മാത്രമല്ല, മറ്റ് ഘടകകക്ഷികളുടെയും മുന്നണിക്ക് പുറത്തുള്ള പൊതുജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നാണ് തരൂര്‍ നല്‍കുന്ന സൂചന. 

രാഷ്ട്രീയത്തിനതീതമായ പിന്തുണ നേടാനുള്ള നീക്കത്തിലാണെന്ന് വ്യക്തമാക്കുന്ന അഭിപ്രായങ്ങളും അഭിമുഖത്തില്‍ പങ്കുവച്ചിട്ടുണ്ട്. “സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ അഭിനന്ദിക്കണം. തെറ്റായ നടപടികള്‍ കണ്ടാല്‍ വിമര്‍ശിക്കണം. എന്റെ അഭിപ്രായങ്ങളോട് പൊതുജനങ്ങളില്‍ നിന്ന് മോശമായ പ്രതികരണം ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ എന്റെ പാര്‍ട്ടിയില്‍ അത് നിലവിലുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ നമ്മുടെ എതിരാളികളെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറയുന്നതെന്ന് അവര്‍ ചോദിക്കുന്നു. അവര്‍ നമ്മുടെ എതിരാളികളാണ്. പക്ഷെ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവരെ അഭിനന്ദിക്കണം” എന്നാണ് തരൂര്‍ അഭിപ്രായപ്പെടുന്നത്.
കേരളത്തിലെ നേതൃസ്ഥാനവും മുഖ്യമന്ത്രിക്കസേരയുമാണ് തരൂരിന്റെ മനസിലുള്ളതെന്ന്, അഭിമുഖത്തിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയുള്ള വിശദീകരണക്കുറിപ്പും വ്യക്തമാക്കുന്നു. നല്ല നാളേക്കായി കേരളത്തെ മാറ്റാനുള്ള എല്ലാ അവസരങ്ങൾക്കുമൊപ്പം താനുണ്ടാകുമെന്നും അവിടെ രാഷ്ട്രീയ ഭേദമില്ലെന്നുമാണ് തരൂര്‍ പറയുന്നത്. 

അഭിമുഖത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ട് കഴിയുന്ന മറ്റ് നേതാക്കള്‍ കൂടുതല്‍ അങ്കലാപ്പിലാണ്. ആദ്യം മുതല്‍ തരൂരിനെതിരെ വിമര്‍ശനമുന്നയിച്ച വി ഡി സതീശന്‍ ഇനി കൂടുതല്‍ രൂക്ഷമായ നിലപാടുകളിലേക്ക് പോകുമെന്നുറപ്പാണ്. എന്നാല്‍ സംസ്ഥാന‑ദേശീയ നേതൃത്വങ്ങളെ കഴിവില്ലാത്തവരെന്ന് വിളിച്ചിട്ടും കെപിസിസി അധ്യക്ഷന്‍ മയപ്പെട്ട പ്രതികരണം മാത്രമാണ് ഇന്നലെയും നടത്തിയത്. ശശി തരൂര്‍ അതിരുവിടരുതെന്ന് മാത്രമായിരുന്നു സുധാകരന്റെ പ്രതികരണം. വി ഡി സതീശനെതിരെ ഏറ്റവും ശക്തമായ പോരാട്ടം നടത്താന്‍ പറ്റുന്നത് തരൂരിനാണെന്ന് സുധാകരന്‍ തിരിച്ചറിയുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന രമേശ് ചെന്നിത്തല ഇന്നലെ കാര്യമായ പ്രതികരണത്തിന് മുതിര്‍ന്നില്ല. വരുംദിവസങ്ങളിലെ തരൂരിന്റെ നിലപാടുകള്‍ക്കനുസരിച്ച് മറുവിഭാഗങ്ങളും പടയ്ക്ക് കോപ്പുകൂട്ടുന്നതോടെ കോണ്‍ഗ്രസില്‍ ഇനി രൂക്ഷമായ തമ്മിലടികളുടെ കാലമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments