ബംഗളൂരു:ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്‌പെഡെക്‌സ് ദൗത്യത്തിന്റെ അവസാനഘട്ടം വൈകും. ട്രയല്‍ പൂര്‍ത്തിയാക്കിയെന്ന് ISRO അറിയിച്ചു. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്ററില്‍ എത്തിച്ച ശേഷം വീണ്ടും കൂട്ടി. വിവരങ്ങള്‍ വിലയിരുത്തിയ ശേഷം അടുത്ത ഘട്ടം പൂര്‍ത്തിയാക്കും.
ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയത്. ഇന്ന് രാവിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററില്‍ നിന്ന് മൂന്നു മീറ്ററിലേക്ക് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടുകയായിരുന്നു. 1.5 കിലോമീറ്റർ അകലെയായിരുന്ന ഉപഗ്രഹങ്ങളെയാണ് അടുപ്പിച്ചത്. ബഹിരാകാശ പേടകം നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
അതേസമയം പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവച്ച് കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണം നടക്കുന്ന തീയതിയും സമയവും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 30നാണു സ്പെഡെക്സ് പരീഷണത്തിനുള്ള 2 ചെറു ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 ഭ്രമണപഥത്തിലെത്തിച്ചത്.
തുടർന്ന് ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് 9 ലേക്ക് മാറ്റി. എന്നാൽ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചു കൊണ്ടുവരുന്നതിനിടെ കൂടുതൽ അടുത്തതോടെ പരീക്ഷണം അന്നും മാറ്റിവയ്ക്കുകയായിരുന്നു