ബെംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ തന്നെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരേ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിഡ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. വിഷയത്തിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്‌ലോത് നേരത്തേ അനുമതി നൽകിയിരുന്നു. മലയാളിയായ അഴിമതിവിരുദ്ധപ്രവർത്തകൻ ടി.ജെ. അബ്രാഹം ഉൾപ്പെടെ മൂന്നുപേർ നൽകിയ പരാതികളിലായിരുന്നു നടപടി. ഇതോടെ സിദ്ധരാമയ്യയുടെ പേരില്‍ കോടതിക്കോ അന്വേഷണ ഏജന്‍സിക്കോ കേസെടുക്കാന്‍ സാധിക്കും. ഇത് ചോദ്യംചെയ്തുകൊണ്ടാണ് സിദ്ധരാമയ്യ കോടതിയെ സമീപിച്ചത്.
ഗവർണർ നേരത്തേ സിദ്ധരാമയ്യയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ആരോപണം തള്ളിയ കോൺഗ്രസ് സിദ്ധരാമയ്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പരാതി തള്ളിക്കളയണമെന്ന് മന്ത്രിസഭായോഗം ചേർന്ന് ഗവർണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് അവഗണിച്ചായിരുന്നു ഗവർണറുടെ നടപടി.