തിരുവനന്തപുരം:മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി. ഡാനിയേല്‍ അവാര്‍ഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാര്‍ത്താക്കുറിപ്പിലൂടെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
2022-ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി.വി ചന്ദ്രന്‍ ചെയര്‍മാനും ഗായിക കെ.എസ്. ചിത്ര, നടന്‍ വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 70-ഓളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ‘പിറവി’, കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ‘സ്വം’, കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിത്തന്ന ഷാജി എന്‍. കരുണ്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.
1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി
1975 ൽ ചലച്ചിത്ര വികസന കോർപറേഷൻ രൂപീകരിച്ചപ്പോൾ പങ്കാളിയായി. പിന്നാലെ അവിടെ ഫിലിം ഓഫീസറായി ചേർന്നു. ഇതിനിടയിൽ കെ പി കുമാരന്റെ ലക്ഷ്‌മി വിജയത്തിന് ഛായാഗ്രഹണം നിർവഹിച്ചു. തുടർന്ന് ജി അരവിന്ദന്റെ ക്ലാസിക്കൽ ചിത്രം കാഞ്ചന സീത. ഇതിന്റെ ഛായാഗ്രഹണ മികവ് രാജ്യാന്തരത്തിൽ ശ്രദ്ധിക്കപ്പെട്ടു. തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടി. എം ടി, കെ ജി ജോർജ്, പത്മരാജൻ എന്നിവരുടെ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായി. ഫ്രഞ്ച് സർക്കാരിന്റെ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സും’ നേടി, പത്മശ്രീയും ലഭിച്ചു.
1988ൽ സംവിധാനം ചെയ്ത ‘പിറവി’യാണ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ കാൻമേളയിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സംവിധായകരിലൊരാളാണ്. 1998ൽ സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിച്ചപ്പോൾ ആദ്യ ചെയർമാൻ. ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാനാണ്. സർക്കാർ ഉടമസ്ഥതയിൽ ആദ്യ ഒടിടി സംവിധാനം തുടങ്ങുന്നതും ഷാജി എൻ കരുണിന്റെ നേതൃത്വത്തിലാണ്. സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിനുള്ള സമിതിയുടെ ചെയർമാനുമാണ്. 1952ൽ കൊല്ലം ജില്ലയിലാണ് ഷാജി എൻ കരുണിന്റെ ജനനം. വർഷങ്ങളായി വഴുതക്കാട് ‘പിറവി’യിലാണ് താമസം. ഭാര്യ: അനസൂയ ദേവകി വാര്യർ. മക്കൾ: അനിൽ ഷാജി, അപ്പു ഷാജി.