ആഗോള നിക്ഷേപക ഉച്ചകോടിയിൽ കേരളത്തിൽ 5000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ദുബായ് ആസ്ഥാനമായ ഷറഫ് ഗ്രൂപ്പ്. തുറമുഖ ലോജിസ്റ്റിക്സ് മേഖലയിലായിരിക്കും നിക്ഷേപം നടത്തുക. മികച്ച മനുഷ്യ വിഭവ ശേഷിയാണ് കേരളത്തിലേക്ക് ആകർഷിച്ചതെന്ന് ഷറഫ് ഗ്രൂപ്പ് വൈസ് ചെയർമാൻ ഷറഫുദീൻ ഷറഫ് പ്രഖ്യാപനത്തോടൊപ്പം പറഞ്ഞത്.
പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആദ്യദിനം തന്നെ പതിനായിരക്കണക്കിനു കോടികളുടെ നിക്ഷേപ വാഗ്‌ദാനങ്ങളാണ് ഉച്ചകോടിയിൽ വന്നത്.
26 വിദേശരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ മൂവായിരത്തോളം സംരംഭകരാണ് രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജര്‍മനി, വിയറ്റ്നാം, നോര്‍വേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്‍വെസ്റ്റ് കേരളയുടെ പങ്കാളിരാജ്യങ്ങളാണ്.
ആസ്റ്റർ ഗ്രൂപ്പിൻ്റെ 850 കോടി രൂപയുടെ നിക്ഷേപം അടക്കം ഒട്ടേറെ കരാറുകൾ ഇന്നലെ ഒപ്പുവച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നിക്ഷേപകരുമായി നടത്തിയ വിവിധ തലങ്ങളിലുള്ള കൂടിക്കാഴ്ചകളുടെ തുടർച്ച ഇന്നുണ്ടാകും. വൈകിട്ട് സംഗമം സമാപിക്കും.