കൊച്ചി: നടൻ ബാലയുമായുള്ള പ്രശ്നങ്ങളെതുടർന്നുള്ള വിവാദങ്ങൾക്ക് പിന്നാലെ ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരി അഭിരാമി സുരേഷാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആശുപത്രിയിലെ സ്ട്രച്ചറിൽ അമൃതയെ കാർഡിയാക്ക് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അഭിരാമി പങ്കുവച്ചിട്ടില്ല. എന്റെ ചേച്ചിയെ ഉപദ്രവിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കൂ എന്ന കുറിപ്പും അഭിരാമി പങ്കുവച്ചിട്ടുണ്ട്.
‘ഇത്രയും മതി, എന്റെ ചേച്ചിയെ ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ, ഞാൻ നിങ്ങളെ വെറുക്കുന്നു, ഞാൻ നിങ്ങളെ വെറുക്കുന്നു. അവൾ ജീവിച്ചോട്ടെ, നിങ്ങൾക്ക് ഇപ്പോൾ സന്തോഷമായല്ലോ’- എന്നാണ് അഭിരാമി സുരേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വർഷങ്ങൾക്ക് മുമ്പ് വിവാഹ മോചിതരായെങ്കിലും അമൃത സുരേഷും നടൻ ബാലയും തമ്മിലുള്ള വിവാദമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ബാല രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ ബാലയ്‌ക്കെതിരെ മകൾ അവന്തിക ഒരു വീഡിയോ പങ്കുവച്ചു.
ഇതിന് ശേഷം ബാലയിൽ നിന്നും അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് അമൃതയും രംഗത്തെത്തിയതോടെയാണ് പ്രശ്നം വലിയ ചർച്ചയായി. വലിയ രീതിയിലുള്ള സൈബറാക്രമണം ഇതിന് പിന്നാലെ അമൃത സുരേഷും കുടുംബവും നേരിട്ടു. സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ അമൃതയ്ക്കും കുടുംബത്തിനുമുണ്ട്.