2025-ലെ ഓസ്‌കര്‍ നോമിഷനേഷന്‍ പുതിയൊരു ചരിത്രത്തിലേയ്ക്കുള്ള വാതിലാണ് തുറന്നിട്ടത്. ആദ്യമായി ട്രാന്‍സ് ജെൻഡർ വിഭാഗത്തില്‍ നിന്നുള്ള അഭിനേത്രിയായി നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് കര്‍ല സോഫിയ ഗാസ്‌കോണ്‍ എന്ന 52 കാരി. ഓസ്‌കാര്‍ നോമിനേഷനില്‍ 13 വിഭാഗത്തില്‍ ഇടംനേടി തിളങ്ങിനില്‍ക്കുന്ന എമിലിയ പെരസിലെ അഭിനയത്തിലൂടെയാണ് കര്‍ല സോഫിയ മികച്ച നടിയായി ഒസ്‌കറില്‍ മത്സരിക്കുന്നത്.
അഭിനേത്രി, എഴുത്തുകാരി, സാമുഹികപ്രവര്‍ത്തക എന്നിങ്ങനെ കഴിഞ്ഞ 52 വര്‍ഷത്തിനിടെ ഗാസ്‌കോണ്‍ കൈവെക്കാത്ത മേഖലകളില്ല. കൗമാരകാലം മുതല്‍ അഭിനയത്തോട് അതിയായ ആഗ്രഹമുണ്ടായിരുന്ന ഗാസ്‌കോണ്‍ ബിബിസിയുടെ ചില്‍ഡ്രന്‍ ഷോയിലൂടെയാണ് ക്യാമറയ്ക്ക് മുന്നില്‍ മുഖം കാണിക്കുന്നത്. 2000-ല്‍ സ്പാനിഷ് ഡെയ്‌ലി ഷോയിലൂടെ ശ്രദ്ധേയമായതോടെ മാഡ്രിഡില്‍നിന്ന് 2009-ല്‍ മെക്‌സിക്കോയിലേക്കെത്തി. 2018 -ല്‍ ആണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാത്. തുടര്‍ന്ന് തന്റെ പുതിയ പേര് അനൗണ്‍സ് ചെയ്യുന്നതിനായി കാര്‍ലോസ് ഗാസ്‌കോണ്‍ എന്ന തന്റെ പഴയ പേരില്‍ കാര്‍സിയ എന്ന പുസ്തകംതന്നെ പ്രസിദ്ധീകരിച്ചു. 2024-ല്‍ എമിലയ പെരസില്‍ അഭിനയച്ചതോടെ ഗാസ്‌കോണ്‍ ലോക സിനിമാസ്‌നേഹികള്‍ക്കിടയില്‍ പ്രശസ്തയാവുകയും ചെയ്തു.
കഴിഞ്ഞവര്‍ഷത്തെ കാന്‍ ഫെസ്റ്റിവലിലടക്കം എമിലയ പെരസ് പ്രദര്‍ശിപ്പിച്ചിരുന്നു. സഹ അഭിനേത്രി സലീന ഗോമസിനൊപ്പം മികച്ച നടിക്കുള്ള പുരസ്‌കാരവും കാനില്‍ നേടി. കാനില്‍ മികച്ച അഭിനേത്രിയായി തിരിഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാന്‍സ്ജന്‍ഡര്‍ കൂടിയായിരുന്നു ഗാസ്‌കോണ്‍. 2018-ലെ ലിംഗമാറ്റത്തിന് ശേഷം തന്റെ ട്രാന്‍സ് വ്യക്തിത്വത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുക മാത്രമായിരുന്നില്ല അന്നുമുതല്‍ ഗാസ്‌കോണ്‍ ചെയ്തത്. ലൈംഗിക ന്യൂനപക്ഷങ്ങലുടെ നാവായി പിന്നീട് മാറി. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രത്യേക പ്ലാറ്റ്‌ഫോമുകള്‍ രൂപവത്കരിച്ചു. 46-ാം വയസ്സുവരെ താന്‍ ജീവിച്ച ആണെന്ന വ്യക്തിത്വത്തില്‍നിന്ന് മാറാൻ അനുഭവിച്ച വെല്ലുവിളികളും ആത്മസമര്‍പ്പണവും ഒരു പുസ്‌കതകമെഴുതി ലോകത്തെ അറിയിച്ചു.
കാന്‍ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുസ്‌കാരം നേടിയപ്പോള്‍ ഒരു പുരുഷന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയെന്ന് പറഞ്ഞ് തന്നെ പരിഹസിച്ച് എക്‌സ് പോസ്റ്റിട്ട ഫ്രഞ്ച് രാഷ്ട്രീയപ്രവര്‍ത്തക മാരിയോണ്‍ മെര്‍ച്ചലിനെതിരേ നിയമപോരാട്ടവും ഗാസ്‌കോണ്‍ നടത്തിയിരുന്നു. ഇത് വലിയ വാര്‍ത്തയുമായി. താന്‍ സത്യംപറയുന്നതിന് ആരെയും പേടിക്കുന്നില്ലെന്നും ആണും പെണ്ണുമെന്ന യാഥാര്‍ഥ്യത്തിനപ്പുറം ഒന്നുമില്ലെന്നും മറ്റെന്തും നിങ്ങളുടെ ഇഷ്ടം പോലെ അംഗീകരിക്കുകകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാമെന്നുമായിരുന്നു ഈ വിവാദത്തിന് മറുപടിയായി മാരിയോണ്‍ മെര്‍ച്ചല്‍ പിന്നീട് പറഞ്ഞത്.
പ്രത്യേക നിയമവിദഗ്ധനെ തന്നെ നിയോഗിച്ചായിരുന്നു മെര്‍ച്ചലിനെതിരേ ഗാസ്‌കോണ്‍ പോരാടിയത്. എന്തിന്, താന്റെ കാന്‍പുരസ്‌കാരം പോലും ഗാസ്‌കോണ്‍ സമര്‍പ്പിച്ചത് ലോകത്തെമ്പാടുമുള്ള ട്രാന്‍സ് ജനതയ്ക്കായിരുന്നു. ഒടുവില്‍ ഓസ്‌കറിലേയ്ക്ക് നടന്നടുക്കുമ്പോള്‍ അത് പുതിയ ചരിത്രം തീര്‍ക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
(കടപ്പാട്: മാതൃഭൂമി ഓൺലൈൻ)