പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ച് വര്‍ഷത്തിനിടെ കായികതാരമായ 18കാരിയെ അറുപതോളം പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് സംസ്ഥാന വനിത കമ്മീഷന്‍. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷൻ ചെയർപേർസൺ അഡ്വ. പി സതീദേവി ആവശ്യപ്പെട്ടു.
കേസില്‍ ദേശീയ വനിത കമ്മീഷന്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്വീകരിച്ച എല്ലാ നടപടികളും വ്യക്തമാക്കി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശത്തില്‍ പറഞ്ഞു.
അതേസമയം കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. നേരത്തെ 14 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ റാന്നിയില്‍ നിന്നുള്ള ആറ് പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ ഓട്ടോറിക്ഷ തൊഴിലവാളികളാണ്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വിവിധ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 45 പേരെ ഇതിനോടകം പൊലീസ് ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് നിലവില്‍ കേസ് അന്വേഷണം നടക്കുന്നത്. 62 പേര്‍ ലൈംഗികമായി പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ് മുതല്‍ ചൂഷണത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിരുന്നു. അറസ്റ്റിലായവരില്‍ നവവരനും പ്ലസ് ടു വിദ്യാര്‍ഥിയും സഹോദരങ്ങളുമടക്കമുണ്ട്. പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി.പത്തനംതിട്ട ജില്ലയിലെ ആറ് സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ആദ്യം പീഡിപ്പിച്ചത് ആൺസുഹൃത്താണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പത്തനംതിട്ട പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി തന്നെ ഡയറിയിൽ എഴുതിവെച്ചിരുന്നു.അച്ഛന്‍റെ മൊബൈൽ ഫോണിലൂടെയാണ് പ്രതികളെ വിളിച്ചിരുന്നത്. ഫോണിൽ സേവ് ചെയ്തിരുന്ന നമ്പറുകളിൽ നിന്ന് പൊലീസ് 40ഓളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് പ്രതികളെ പിടികൂടിയത്.സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് ലഭിച്ചത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതേസമയം,പത്തനംതിട്ട ജില്ലക്ക് പുറത്തും പ്രതികളുണ്ടാകുമെന്നും. 13 വയസ് മുതൽ കൂട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാൻ പറഞ്ഞു.അസാധാരണ സംഭവം എന്ന നിലയിൽ സൈക്കോളജിസ്റ്റിന്‍റെ അടുത്തേക്ക് വിട്ട് കൂടുതൽ വിശദമായ കൗണ്‍സിലിങ് നടത്തുകയായിരുന്നു. ആളുകളെക്കുറിച്ച് കുട്ടികള്‍ക്ക് അറിയാമെങ്കിലും കൂടുതൽ വിവരങ്ങള്‍ അറിയില്ല. അച്ഛന്‍റെ ഫോണിൽ പലരുടെയും ഫോണ്‍ നമ്പറുകള്‍ സേവ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഐടിഐയിൽ പഠിക്കുന്നവരുടെ പേരുകള്‍ അത്തരത്തിൽ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്. പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമാക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലാ പൊലീസ് മേധാവിക്ക് വിവരങ്ങള്‍ കൈമാറിയത്. പല സ്റ്റേഷനുകളിലായിട്ടാണ് അന്വേഷണമെന്നും പ്രതികളെ പിടികൂടാനാകുമെന്നും സിഡബ്ല്യുസി ചെയര്‍മാൻ എൻ രാജീവ് പറഞ്ഞു.