തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസ്സുകാരിയുടെ അമ്മയായ ശ്രീതു സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി നിയമനം നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തതെന്ന പരാതിയിലാണ് ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റത്തിനും വ്യാജരേഖകള്‍ ചമച്ചതിനുമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഷിജു എന്നയാളുടെ പരാതിയിലാണ് നിലവില്‍ ശ്രീതുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേവസ്വംബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെന്നായിരുന്നു ഇയാളുടെ പരാതി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പണം തട്ടിയതിനും വ്യാജരേഖകള്‍ നിര്‍മിച്ചതിനും തെളിവുലഭിച്ചു. ഇതിനുപിന്നാലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് റൂറല്‍ എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തികത്തട്ടിപ്പ് കേസില്‍ ഞായറാഴ്ച രാവിലെയാണ് ശ്രീതുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. റൂറല്‍ എസ്.പി. ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ ചോദ്യംചെയ്തു. തുടര്‍ന്ന് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശ്രീതുവിനെതിരേ സാമ്പത്തികത്തട്ടിപ്പ് ആരോപിച്ച് പത്തുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, നിലവില്‍ ഒരു കേസിലാണ് നടപടിയെടുത്തിട്ടുള്ളതെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം, രണ്ടുവയസ്സുകാരിയായ ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ദുരൂഹത തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് കുറ്റം ഏറ്റെടുത്ത ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ റിമാന്‍ഡിലാണ്. ഇയാളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. ഒപ്പം ശ്രീതുവിനെയും വീണ്ടും ചോദ്യംചെയ്യുമെന്നാണ് സൂചന.