സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണ കപ്പിനായി പോരാട്ടം ഇഞ്ചോടിഞ്ച്. മൂന്നാം ദിനം കലോത്സവം പുരോഗമിക്കുമ്പോൾ
കണ്ണൂരും കോഴിക്കോടും തൃശൂരുമാണ് മുന്നിൽ. പകുതിയോളം മത്സരങ്ങൾ അവസാനിച്ചപ്പോൾ കണ്ണൂരിന് 449 പോയിന്റും തൃശൂരിന് 448 പോയിന്റും കോഴിക്കോടിന് 446 പോയിന്റുമാണ് ഉള്ളത്. പാലക്കാടാണ് നാലാം സ്ഥാനത്ത്.
സ്കൂളുകളിൽ 65 പോയിന്റുമായി തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂളാണ് ഇപ്പോൾ മുന്നിലുള്ളത്. പത്തനംതിട്ട എസ്‌വിജിവി ഹയർ സെക്കന്ററി സ്കൂളും ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂളും 60 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. സമയക്രമം പാലിച്ചാണ് ഏറെകുറെ എല്ലാ മത്സരങ്ങളും അവസാനിക്കുന്നത്. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 42 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ ഹയർ സെക്കന്‍ഡറി ജനറൽ വിഭാഗത്തിൽ 52 മത്സര ഇനങ്ങൾ പൂർത്തിയായി. ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ 12 മത്സര ഇനങ്ങളും ഹൈസ്കൂൾ സംസ്കൃത വിഭാഗത്തിൽ 12 ഇനങ്ങളുമാണ് ഇതിനകം പൂർത്തിയായിരിക്കുന്നത്. മൂന്നാം ദിവസമായ ഇന്ന് തിരുവാതിരകളിയും, കേരള നടനവും, നാടകവും, കോൽക്കളിയും, മിമിക്രിയും, കഥകളിയും, മലപ്പുലയ ആട്ടവുമെല്ലാം വേദിയിലെത്തും.