കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജി സ്വാസ്ഥ്യ ഭവന് പുറത്തെ സമരപ്പന്തൽ സന്ദർശിച്ചതിനെ സ്വാഗതം ചെയ്ത് സമരം ചെയ്യുന്ന ഡോക്ടർമാർ. മുഖ്യമന്ത്രി സമരസ്ഥലത്ത് എത്തിയതിലും ചർച്ചയുടെ വാതിൽ വീണ്ടും തുറക്കപ്പെട്ടതിലും സന്തോഷമുണ്ടെന്ന് ഡോ. ആരിഫ് പറഞ്ഞു
പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട് മുന്നോട്ടുവെച്ച അഞ്ച് ആവശ്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ തയാറാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. സർക്കാർ വിളിക്കുമ്പോഴെല്ലാം ചർച്ചക്ക് തങ്ങൾ തയാറാണെന്നും ഡോ. ആരിഫ് വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിന്‍റെ അവസാന മാർഗമായാണ് ഡോക്ടർമാരുടെ പ്രതിഷേധം നടക്കുന്ന സ്വാസ്ഥ്യ ഭവന് പുറത്ത് മുഖ്യമന്ത്രി മമത ബാനർജി സന്ദർശനം നടത്തിയത്. സമരപ്പന്തലിലെത്തിയ മമത പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്നും ഉറപ്പുനൽകി.
മുഖ്യമന്ത്രിയായല്ല, നിങ്ങളുടെ സ്വന്തം ദീദിയാണ് എത്തിയിരിക്കുന്നതെന്നും തന്റെ സ്ഥാനം അത്ര വലുതല്ലെന്ന് അറിയാമെന്നും മമത പറഞ്ഞു. നിങ്ങളീ കനത്ത മഴയത്ത് നിൽക്കുന്നത് ഓർത്ത് കഴിഞ്ഞ ദിവസം രാത്രി ഉറക്കം വന്നിട്ടില്ല. ഇങ്ങനെ മഴയത്ത് നിൽക്കരുത്. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാം. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ഉറപ്പാക്കാമെന്നും മമത വ്യക്തമാക്കി.
കൊൽക്കത്തയിലെ ആർ.ജികർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയ്നിയായിരുന്ന വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് സ്വാസ്ഥ്യ ഭവന് പുറത്ത് ഡോക്ടർമാരുടെ പ്രതിഷേധം ആരംഭിച്ചത്. ചർച്ചക്ക് സർക്കാർ മുന്നോട്ടുവെച്ച ഉപാധികൾ കഴിഞ്ഞ ദിവസം ഡോക്ടർമാർ തള്ളിയിരുന്നു.