സാൻ ഫ്രാൻസിസ്കോ: ഭീമൻ ടെക് കമ്പനിയായ ഓപ്പൺ എഐയിലെ മുൻ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഗവേഷകനായിരുന്ന ഇന്ത്യക്കാരൻ മരിച്ചനിലയിൽ. 26കാരനായ സുചിർ ബാലാജിയെയാണ് സാൻഫ്രാൻസിസ്കോയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം 26ന് നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.യുവാവിനെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും അറിയിച്ചതിനെ തുടർന്ന് സാൻഫ്രാൻസിസ്കോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റിൽ ജോലിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ സുചിർ ഓപ്പൺ എഐയെക്കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കമ്പനിയിൽ ഗുരുതരമായ പകർപ്പവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു യുവാവിന്റെ ആരോപണം. ഈ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. സംഭവത്തിൽ ടെസ്‌ലയുടെ സിഇ ഒ ഇലോൺ മസ്കും പ്രതികരിച്ചിരുന്നു.
കമ്പനി അതിന്റെ ജനറേറ്റീവ് എഐ പ്രോഗ്രാമായ ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കുന്നതിന് ശരിയായ അനുമതിയില്ലാതെ പകർപ്പവകാശമുള്ള ഡാറ്റകൾ ഉപയോഗിച്ചുവെന്നാണ് യുവാവ് പരസ്യമായി ആരോപിച്ചത്. ചാറ്റ് ജിപിടി പോലുള്ള സാങ്കേതിക വിദ്യകൾ ഇന്റർനെറ്റിനെ തകരാറിലാക്കുമെന്നും സമ്മതമില്ലാതെ ഡാറ്റ ഉപയോഗിക്കുന്നത് അതിന്റെ യഥാർത്ഥ വ്യക്തികൾക്ക് ഹാനികരമാണെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യുവാവ് പറഞ്ഞിരുന്നു. സുചിറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ നിരവധിയാളുകളും മാദ്ധ്യമപ്രവർത്തകരും കമ്പനിക്കെതിരെ പകർപ്പവകാശ ലംഘനത്തിന് കേസുകൾ ഫയൽ ചെയ്തിരുന്നു.
2015ൽ സാൻഫ്രാൻസിസ്‌കോ ആസ്ഥാനമാക്കി ഗ്രെഗ് ബ്രോക്മാൻ,ഇല്യ സുറ്റ്സ്കവർ തുടങ്ങിയ സൈബർ രംഗത്തെ വിദഗ്ദർ ചേർന്നാണ് ഓപ്പൺ എഐ സ്ഥാപിച്ചത്.