സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് - ന്യു ഇയര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയിലെ നായനാര്‍ പാര്‍ക്കില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ജി.ആര്‍. അനിലിൻ്റെ അദ്ധ്യക്ഷതില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. അതോടൊപ്പം ആദ്യ വില്‍പനയും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും പ്രത്യേക ഫെയറുകള്‍ ആരംഭിക്കും. മറ്റു ജില്ലകളില്‍ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് സപ്ലൈകോ ക്രിസ്തുമസ് - ന്യു ഇയര്‍ ഫെയറായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 21 മുതല്‍ 30 വരെയാണ് ക്രിസ്തുമസ് - ന്യൂ ഇയര്‍ ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഫെയറുകളില്‍ ഗുണനിലവാരമുള്ള അവശ്യസാധന ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.
13 ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്.എം.സി.ജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 40 ശതമാനം വിലക്കുറവില്‍ ഫെയറുകളിലൂടെ വില്‍പന നടത്തും. ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയില്‍ നല്‍കുക. ഇതിനുപുറമെ ജില്ലാ ഫെയറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും 21 മുതല്‍ 30 വരെ ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 വരെ ഫ്ലാഷ് സെയില്‍ നടത്തും സബ്സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കുന്ന ഓഫറിനെക്കാള്‍ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ, പൊതുവിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന ആവശ്യസാധനങ്ങളായ ഉള്ളി, സവാള, വെളുത്തുള്ളി എന്നിവ സപ്ലൈകോയില്‍ 20 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
ഇന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ തിരുവനന്തപുരം എം.എല്‍.എ ആന്റണി രാജു, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, സപ്ലൈകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ശ്രീ. പി.ബി. നൂഹ് ഐ.എ.എസ്, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ മുകുന്ദ് ഠാക്കൂര്‍ ഐ.എ.എസ് എന്നിവര്‍ പങ്കെടുത്തു. സപ്ലൈകോ മേഖലാ മാനേജര്‍ ശ്രീ. എ. സജാദ് കൃതജ്ഞത രേഖപ്പെടുത്തി.