കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ സുരക്ഷിതവും വാസയോഗ്യവുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ സുരക്ഷിത മേഖല അടയാളപ്പെടുത്താനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സംഭവം.
നാട്ടുകാരുടെ പ്രതിഷേധം മൂലം ഉദ്യോഗസ്ഥര്‍ മടങ്ങി. ആശങ്ക പരിഹരിക്കാതെ ചൂരല്‍ മലയില്‍ സുരക്ഷിത മേഖലകള്‍ അടയാളപ്പെടുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.
പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കളക്ടര്‍ മേഘ ശ്രീയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു. ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും യോഗമാണ് വിളിച്ചത്. 30 മീറ്ററിലധികം ദൂരത്തില്‍ വീടുള്ള ആളുകളെ ഇനിയും കൊലയ്ക്ക് കൊടുക്കരുതെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വിദഗ്ധ സമിതി മാനദണ്ഡങ്ങള്‍ അപ്രായോഗികമെന്നും റിസോര്‍ട്ടുകളെ സഹായിക്കാനുള്ള നീക്കമാണെന്നും യോഗത്തില്‍ സിപിഐ പറഞ്ഞു.
തീരുമാനമെടുക്കുന്നത് വരെ സര്‍വ്വേ നടത്തുന്നത് നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വൈത്തിരി തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ചൂരല്‍ മലയില്‍ എത്തിയിരുന്നത്. സുരക്ഷിത മേഖലകള്‍ തിരിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് മേപ്പാടി പഞ്ചായത്തും രംഗത്തെത്തി. നിലവിലെ മാനദണ്ഡ പ്രകാരം സുരക്ഷിത മേഖല തിരിക്കാന്‍ അനുവദിക്കില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കി. എന്നാല്‍ ചില വീടുകള്‍ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമുണ്ടാകുമെന്നും അന്തിമമായി സര്‍വ്വേ പൂര്‍ത്തിയായാല്‍ മാത്രമേ മുഴുവന്‍ ചിത്രം വ്യക്തമാകൂവെന്നും കളക്ടര്‍ പറയുന്നു. ജോണ്‍ മത്തായിയുടെ റിപ്പോര്‍ട്ട് അവഗണിക്കണമെന്നും ശാസ്ത്രീയമായി സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.