അയിത്താചരവും, ജാതി ചിന്തയും പുലര്‍ത്തുന്ന ക്ഷേത്രങ്ങള്‍ ബഹിഷ്കരിക്കാന്‍ പിന്നാക്ക വിഭാഗങ്ങള്‍ തയ്യാറാകണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ കഴകത്തിന് പിന്നാക്ക വിഭാഗക്കാരെ നിയമിച്ചതിന്റെ പേരില്‍ തന്ത്രിമാര്‍ അദ്ദേഹത്തെ സ്ഥാനത്തു നിന്നു മാറ്റി ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സ്വാമി.
പിന്നാക്കകാരനെ കഴക സ്ഥാനത്തു നിന്ന് മാറ്റി നടത്തിയ ശുദ്ധിക്രിയ യഥാര്‍ത്ഥത്തില്‍ ഇവരുടെ ഹൃദയത്തിലാണ് നടത്തേണ്ടത്.ക്ഷേത്രനിയമങ്ങളിൽ അയിത്തം ആചരിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ടായിട്ടും സ്വതന്ത്രവും അല്ലാത്തതുമായി ദേവസ്വങ്ങൾ ജാതിചിന്ത വച്ചുപുലർത്തുന്നത് സ്വയം നാശത്തിനാണ്. കോടതിവിധി പോലും മാനിക്കാത്ത ആളുകളെ സർക്കാർ മാതൃകാരപരമായി ശിക്ഷിക്കണം.
ക്ഷേത്രങ്ങളിൽ പൂജയ്ക്കും സംഭാവനയായും ലഭിക്കുന്ന തുകയിൽ സിംഹഭാഗവും അധസ്ഥിത പിന്നാക്ക വിഭാഗങ്ങുടെതാണ്. അയിത്താചരണം പുലർത്തുന്ന ക്ഷേത്രങ്ങൾ ബഹിഷ്കരിക്കാൻ പിന്നാക്ക വിഭാഗം തയാറാകണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.