വേനലെത്തും മുമ്പേ കേരളം വിയർക്കുന്നു, നാല് ജില്ലകൾക്ക് ജാഗ്രത നിർദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി

വേനലെത്തും മുമ്പേ കേരളം വിയർക്കുന്നു, നാല് ജില്ലകൾക്ക് ജാഗ്രത നിർദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: വേനലെത്തും മുമ്പേ കേരളം വിയർക്കാൻ തുടങ്ങി.  നാലു ജില്ലകളില്‍ ഇന്നും നാളെയും നാല് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മാത്രമല്ല പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും നാളെയും കൂടിയ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആഗോള താപനത്തിനൊപ്പം പ്രാദേശിക ഘടകങ്ങളും ഈ കാലാവസ്ഥ മാറ്റത്തിന് കാരണമായി.

താപനില ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപം എന്നിവ ഒഴിവാക്കുന്നതിനായി മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ ഉച്ചക്ക് 12-നും 3-നും ഇടക്ക് വിശ്രമം എടുക്കണം. ഇതുള്‍പ്പെടെ, ലേബര്‍ കമ്മീഷണര്‍ പുന:ക്രമീകരിച്ച തൊഴില്‍ സമയ ഉത്തരവ് എല്ലാവരും പാലിക്കണം.

ഒരാഴ്ചക്കു ശേഷംസംസ്ഥാനത്ത് ചെറിയ മഴക്ക് സാധ്യതയുണ്ടെങ്കിലുംചൂടില്‍ ഗണ്യമായ കുറവിന് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.