back to top
Thursday, December 26, 2024
Google search engine
HomeLatest Newsകേരളവും തമിഴ്നാടും പോലുള്ള സഹകരണം കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ ഉണ്ടാകണം: മുഖ്യമന്ത്രി

കേരളവും തമിഴ്നാടും പോലുള്ള സഹകരണം കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ ഉണ്ടാകണം: മുഖ്യമന്ത്രി

വൈക്കം (കോട്ടയം): ത്യാ​ഗോജ്വലമായ ജീവിതമാണ് തന്തൈ പെരിയാറിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കത്ത് തന്തൈ പെരിയാർ സ്മാരകത്തിൻ്റെയും പെരിയാർ ​ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷ പ്രസം​ഗം നടത്തുകയായിരുന്നു അദ്ദേഹം. വൈക്കം സത്യാ​ഗ്രഹത്തിൽ തന്തൈ പെരിയാർ പങ്കെടുത്തതിൻ്റെ ശതാബ്ദി വർഷ സമാപന ആഘോഷത്തിൻ്റെ ഭാ​ഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. വൈക്കം സത്യാ​ഗ്രഹത്തിൽ തുടങ്ങിയ സഹവർത്തിത്വമാണ് കേരളവും തമിഴ്നാടും ഇന്നും തുടരുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

കോൺ​ഗ്രസ് നേതാക്കൾ പലരും പുരോ​ഗമന ചിന്താ​ഗതിയല്ല, അധോ​ഗമന ചിന്തയാണ് വെച്ചുപുലർത്തുന്നതെന്നായിരുന്നു പെരിയാറിൻ്റെ പക്ഷമെന്ന് അധ്യക്ഷ പ്രസം​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1952-ൽ തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ മികച്ച വിജയത്തിൽ തന്നിലുൾപ്പെടെ പെരിയാറിൻ്റെ സ്വാധീനം പ്രകടമായിരുന്നുവെന്നും അദ്ദേഹം ഓർമിച്ചു. ദൈവത്തിൻ്റെയും മതത്തിൻ്റെയും പേരിൽ ഇന്ത്യയിലെ ജനങ്ങൾക്ക് അറിവും വിദ്യാഭ്യാസവും ലോകപരമായ ജ്ഞാനവും സ്വാഭിമാനവുമെല്ലാം ആർജിക്കുന്നതിനുള്ള വഴികൾ തടയാനും, അങ്ങനെയവരെ പ്രാകൃതമായ അവസ്ഥയിൽ നിലനിർത്താനും ​ഗൂഢാലോചനക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നെന്ന പെരിയാറിൻ്റെ വാക്കുകൾ പ്രത്യേകം ശ്രദ്ധിക്കണം.

പ്രത്യയശാസ്ത്രങ്ങളും നിയമവും ധർമവുമെല്ലാം കാലത്തിനനുസൃതമായി നവീകരിക്കപ്പെടണം എന്ന കാഴ്ചപ്പാടായിരുന്നു പെരിയാറിനുണ്ടായിരുന്നത്. ഇന്നത്തെ ധർമം നാളത്തെ അധർമമായിരിക്കും എന്ന് പെരിയാർ കുടിയരസുവിൽ എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പെരിയാർ മുന്നോട്ടുവെച്ച കാഴ്ചപ്പാട് സമധർമം എന്നതായിരുന്നു, പിണറായി വിജയൻ പറഞ്ഞു.

രണ്ടു സംസ്ഥാനങ്ങളിലെയും മന്ത്രിമാരടക്കമുള്ള നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും സാക്ഷി നിർത്തി
വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാടിനു സമർപ്പിച്ചു. വൈക്കം ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. വൈക്കം പുരസ്കാരം ജേതാവ് കന്നട എഴുത്തുകാരൻ ദേവനൂര മഹാദേവനെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആദരിച്ചു.

ദ്രാവിഡ കഴക അധ്യക്ഷൻ കെ. വീരമണി വിശിഷ്ടാഥിതിയായി. സഹകരണ-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഫിഷറീസ് -സാംസ്‌കാരികം-യുവജനക്ഷേമവകുപ്പുമന്ത്രി സജി ചെറിയാൻ, തമിഴ്‌നാട് ജലസേചനവകുപ്പ് മന്ത്രി ദുരൈ മുരുകൻ, തമിഴ്‌നാട് പൊതുമരാമത്തുവകുപ്പുമന്ത്രി എ.വി. വേലു, തമിഴ്‌നാട് ഇൻഫർമേഷൻ വകുപ്പുമന്ത്രി എം.പി. സ്വാമിനാഥൻ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി., സി.കെ. ആശ എം.എൽ.എ, സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തമിഴ്‌നാട് സർക്കാർ ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.

വൈക്കം സത്യഗ്രഹ സമരനായകനായ തന്തൈ പെരിയാറിൻ്റെ സ്മരണാർഥം വൈക്കത്ത് തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും തമിഴ്നാട് സർക്കാർ സ്ഥാപിച്ചിരുന്നു. വൈക്കം സത്യഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം വൈക്കത്ത് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വൈക്കം നഗരത്തിലുള്ള തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും നവീകരിക്കുന്നതിന് 8.14 കോടി രൂപ അനുവദിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments