മണ്ണ് നീക്കി കല്ലാനയെ രക്ഷപ്പെടുത്തി

മണ്ണ് നീക്കി കല്ലാനയെ രക്ഷപ്പെടുത്തി


തിരുവനന്തപുരം:  ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ കല്ലാനയ്ക്ക് ശാപമോക്ഷം. പല സമയങ്ങളിലായി നടത്തിയ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടേയും, ടാറിങ് കാരണവും മൂന്നില്‍ രണ്ടു ഭാഗവും മണ്ണിനടിയില്‍താഴ്ന്നുപോയ കല്ലാനയെ പൂര്‍വ സ്ഥിതിയിലാക്കാന്‍ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുരാവസ്തു വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ചു.

കല്ലാനയുടെ പാദം വരെ കാണത്തക്ക രീതിയില്‍ നവീകരണം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നാലു വശത്തു നിന്നും മണ്ണു നീക്കം ചെയ്യുന്ന ജോലി ആരംഭിച്ചു. ശേഷം പ്രതലം ടൈല്‍ പാകും. വശങ്ങളില്‍ കൈവരി പിടിപ്പിക്കും. പുറത്തു നിന്നുള്ള വെള്ളം അകത്തേക്ക് കടക്കാതിരിക്കാനും,  അകത്തെ വെള്ളം പുറത്തു പോകുന്നതിനും സൗകര്യമൊരുക്കും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫിസര്‍ വി.രതീശന്റെ നിര്‍ദേശ പ്രകാരം,  മാനേജര്‍ ബി.ശ്രീകുമാറിന്റെ മേല്‍നോട്ടത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കാര്‍ത്തിക തിരുനാള്‍  രാമവര്‍മയുടെ കാലത്താണ് പത്മതീര്‍ഥത്തിന് മുന്‍വശത്തായി കല്ലാന സ്ഥാപിച്ചത്. പ്രദേശത്തിന്റെ കാവല്‍ക്കാരനനെന്ന സങ്കല്‍പത്താല്‍ ശ്രീ പത്മനാഭ പ്രതിഷ്ഠക്ക് അഭിമുഖമായാണ് കല്ലാനയുടെ സ്ഥാനം.  

പൈതൃക സ്മാരകമെന്ന നിലയില്‍ കല്ലാനയെ സംരക്ഷിക്കണമെന്നാണ് ആവശ്യം. മുന്‍പ് ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കല്ലാനയെ നിലവിലുള്ള സ്ഥലത്തു നിന്നു ഇളക്കി മാറ്റാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നടന്നില്ല.