വയനാട്ടിലെ മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു.വനം വകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ചപ്പന്റെ ഭാര്യ പഞ്ചാരക്കൊല്ലിസ്വദേശി രാധായാണ് മരിച്ചത്.ഇന്ന് രാവിലെ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം.
കാപ്പി പറിക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ദിവസങ്ങള്‍ക്ക് മുന്‍പ് പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ നാടിനെ ഭീതിയിലാഴ്ത്തിയിരുന്ന കടുവയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ കൂട്ടിലാക്കിയിരുന്നു.
ഇതിന് തൊട്ടടുത്ത പ്രദേശത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഒന്നിലധികം കടുവകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് യുവതിക്ക് നേരെ ഉണ്ടായ കടുവ ആക്രമണം.
കടുവയെ വെടിവെക്കാന്‍ ഉത്തരവ്
കടുവയെ പിടികൂടുകയോ അതിനു കഴിഞ്ഞില്ലെങ്കില്‍ വെടിവയ്ച്ചു കൊല്ലുകയോ ചെയ്യുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ഇതിനായി ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ച് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (SOP) പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. അതിനുശേഷം നരഭോജി കടുവയെ വെടിവയ്ച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കും. സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന മറ്റുപ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും ആവശ്യമായ ദ്രുതകര്‍മ സേനയെ നിയോഗിക്കും. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വിദഗ്ദ്ധരായ ഷൂട്ടര്‍മാരെയും വെറ്റിനറി ഡോക്ടര്‍മാരെയും അടിയന്തരമായി വയനാട് എത്തിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എസ് ദീപയെ ചുമതലപ്പെടുത്തി.
കര്‍ണ്ണാകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ കൂടുതല്‍ പട്രോളിംഗ് ഏര്‍പ്പെടുത്തും.
കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മന്ത്രി ഒ ആർ കേളു
കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മന്ത്രി ഒ ആർ കേളു. അഞ്ച് ലക്ഷം വെള്ളിയാഴ്ച തന്നെ കൈമാറും. ബാക്കി ആറ് ലക്ഷം പിന്നീട് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യയായ രാധ (45) ആണ് കൊല്ലപ്പെട്ടത്.
പ്രിയദർശനി എസ്റ്റേറ്റിനു സമീപം വനത്തോട് ചേർന്ന തോട്ടത്തില്‍ കാപ്പി പറിക്കാൻ പോയതായിരുന്നു രാധ. പാതി ഭക്ഷിച്ച നിലയിലുള്ള മൃതദേഹം തണ്ടർബോള്‍ട്ടാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തുവന്നു. മന്ത്രി ഒ ആർ കേളു സംഭവ സ്ഥലത്തെത്തി. വന്യമൃഗശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു