കരിപ്പൂരില്‍ ആളു മാറി യുവാവിനെ തട്ടിക്കൊണ്ടുപോയി

കരിപ്പൂരില്‍ ആളു മാറി യുവാവിനെ തട്ടിക്കൊണ്ടുപോയി

മലപ്പുറം: ഷാര്‍ജയില്‍നിന്ന് കോഴിക്കോട് വിമാനത്താവളം വഴി എത്തിയ യുവാവിനെ സ്വര്‍ണക്കടത്തുകാരനെന്നു കരുതി അജ്ഞാതസംഘം തട്ടി ക്കൊണ്ടുപോയി.യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ആളുമാറിയെന്നു മനസ്സിലായതോടെ പണവും സാധനങ്ങളും കൈക്കലാക്കി ഇറക്കി വിട്ടു.കര്‍ണാടക സ്വദേശിയായ അബ്ദുല്‍നാസര്‍ ഷംനാദ് (25) ആണ് മര്‍ദനത്തിന് ഇരയായത്.സ്വര്‍ണക്കടത്തു സംഘങ്ങള്‍ തമ്മില്‍ ആക്രമണവും തട്ടിക്കൊണ്ടുപോകലും നേരത്തേയും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ 'കാരിയര്‍' അല്ലാത്തയാള്‍ക്കാണ് മര്‍ദനമേറ്റതെന്നാണ് സൂചന.

ഇന്നലെ പുലര്‍ച്ചെ 4.30ന് ആണ് യുവാവ് കോഴിക്കോട്‌വിമാനത്താവളത്തി   ലെത്തിയത്.പുറത്തിറങ്ങി,മറ്റൊരു യാത്രക്കാരനൊപ്പം കോഴിക്കോട് ഫറോക്ക് റെയില്‍വേ സ്റ്റേഷനിലേക്കു പോകാന്‍ ഓട്ടോ വിളിച്ചു.കൊണ്ടോട്ടിക്കു സമീപം കൊട്ടപ്പുറത്തു വച്ച് ബൈക്കില്‍ വന്ന രണ്ടുപേര്‍ ഓട്ടോ തടഞ്ഞു.തുടര്‍ന്ന് ഓട്ടോ ബൈക്കില്‍  ഉരസിയെന്നു പറഞ്ഞു വഴക്കുണ്ടാക്കി.

ഈ സമയത്ത് വാനിലെത്തിയെ 7 പേര്‍ മുളകുപൊടി സ്‌പ്രേ ചെയ്ത്, യുവാവിനെ മര്‍ദിച്ചു.ടീഷര്‍ട്ട് ഊരി കണ്ണുകെട്ടി,വാഹനത്തില്‍ കയറ്റിക്കൊണ്ടു പോവുകയും ചെയ്തു.കൊണ്ടുവന്ന സാധനമെവിടെ എന്നു ചോദിച്ച് മര്‍ദനം തുടര്‍ന്നു.കോഴിക്കോട് കടലുണ്ടി പാലത്തിനു സമീപത്ത് ഇറക്കി അവിടെ വച്ച് ക്രൂരമായി മര്‍ദിച്ചു.ആളു മാറിയെന്ന് മനസ്സിലായതോടെ വാഹനത്തില്‍ തിരികെക്കൊണ്ടുവന്ന്,6 മണിയോടെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കു സമീപം ഇറക്കിവിട്ടു എന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.എടിഎം കാര്‍ഡ്, പണം,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ കവര്‍ന്നു. കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി.