തിരുവനന്തപുരം: തൃശൂര്‍ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നില്‍ അണിനിരന്ന ആളുകള്‍ ആരൊക്കെയെന്നത് പൊതുജനത്തിന് അറിയേണ്ടതുണ്ടെന്നും മന്ത്രി കെ രാജന്‍. ആ ഗൂഢാലോചയ്ക്ക് പിന്നില്‍ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരല്ലെന്നും കെ രാജന്‍ പറഞ്ഞു. പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ വേണമെന്ന് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിലാണ് ഗൂഢാലോചന നടന്നെന്ന് റവന്യു മന്ത്രി പറഞ്ഞത്.
വെടിക്കെട്ട് രാവിലത്തേക്ക് നീട്ടി വെച്ചതും, എഴുന്നള്ളിപ്പ് വൈകിയതും ഉള്‍പ്പെടെ ക്ഷേത്ര ആചാരങ്ങളില്‍ ഗുരുതരമായ ലംഘനം ഉണ്ടായെന്ന് മന്ത്രി പറഞ്ഞു. പൂരം തൃശൂരിന്റെത് മാത്രമല്ല എല്ലാ മലയാളികളുടെയും പൊതുവികാരമാണ്. പൂരത്തിനിടയില്‍ ശ്രീമൂലസ്ഥാനത്തേക്ക് മാര്‍ച്ച് എങ്ങനെയുണ്ടായെന്നും രാജന്‍ ചോദിച്ചു.
പൂരം കലക്കിയതുമായ ബന്ധപ്പെട്ട ആരോപണ വിധേയരില്‍ എഡിജിപിയുണ്ട്. ഇക്കാര്യത്തില്‍ ബോധപൂര്‍വമായി ഗുഢാലോചനയുണ്ടായി. അതിന് നേതൃത്വം നല്‍കിയ ആളുകളുടെ പേര് പറയുമ്പോള്‍ ഇങ്ങനെ മറച്ചുപിടിച്ചും ഒളിച്ചുപിടിച്ചും മുഖ്യമന്ത്രിയുടെ നേരെ തിരിക്കണമെന്ന് പ്രതിപക്ഷം നിശ്ചയിക്കുന്നത് എന്തിനാണെന്നും രാജന്‍ ചോദിച്ചു. പൂരം കലക്കാന്‍ നേതൃത്വം നല്‍കിയത് ആര്‍എസ്എസ് ആണ്. ആ ഗൂഢാലോചയ്ക്ക് പിന്നില്‍ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരും ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരല്ല. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തൃശൂര്‍ പൂരത്തെ ഉപയോഗിച്ച് മുതലെടുപ്പ് നടത്തരുതെന്ന് നേരത്തെ തന്നെ സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നെന്നും രാജന്‍ നിയമസഭയില്‍ പറഞ്ഞു.