ക്വാലലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യ സെഞ്ച്വറി നേടി ഇന്ത്യയുടെ തൃഷ ഗൊങ്കാഡിക്ക് റെക്കോര്‍ഡ്. സ്കോട്ട്ലന്‍ഡിനെതിരെ 150 റണ്‍സിന്റെ വിജയം നേടിയതോടെ ഇന്ത്യ ടൂര്‍ണമെന്റില്‍ സെമിയുറപ്പിച്ചു.
മത്സരത്തില്‍ തൃഷയുടെ മികച്ച ഇന്നിങ്സ് ഇന്ത്യക്ക് തിളക്കമാര്‍ന്ന ജയം സമ്മാനിച്ചു. 59 പന്തില്‍ നിന്ന് 13 ബൗണ്ടറികളും നാല് സിക്സറുകളും സഹിതം 110 റണ്‍സുമായി തരം പുറത്താകാതെ നിന്നു. തൃഷ പിന്നീട് രണ്ട് ഓവറില്‍ 6 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും പിഴുത് തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ചു.
സഹ ഓപ്പണറും വിക്കറ്റ് കീപ്പറുമായ കമാലിനി ജി (42 പന്തില്‍ നിന്ന് 51), 20 പന്തില്‍ നിന്ന് 29 റണ്‍സുമായി പുറത്താകാതെ നിന്ന സാനിക ചാല്‍ക്കെ എന്നിവരുടെ മികച്ച പ്രകടനത്തോടെ ഇന്ത്യ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സ്കോട്ട്ലന്‍ഡ് 14 ഓവറില്‍ 58 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.
സൂപ്പര്‍സിക്സിലെ ആദ്യ മത്സരത്തില്‍ ബംഗ്ലദേശിനെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചതോടെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയയും സെമിയില്‍ കടന്നു. ഗ്രൂപ്പ് രണ്ടില്‍നിന്ന് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളാണ് സെമിയിലെത്തിയത്. സെമിഫൈനലുകള്‍ വെള്ളിയാഴ്ചയും ഫൈനല്‍ ഞായറാഴ്ചയും നടക്കും.