ന്യൂഡല്‍ഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയായി 24 മണിക്കൂര്‍ തികയും മുമ്പ് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്ത് ചരിത്ര വിജയം നേടിയ ബിജെപിക്ക് രണ്ട് എംഎല്‍എമാരുടെ പിന്തുണ കൂടുതല്‍ കരുത്തേകും. ദേവേന്ദര്‍ കദ്യാന്‍, രാജേഷ് ജൂണ്‍ എന്നീ എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഹരിയാണ ബിജെപി അധ്യക്ഷന്‍ മോഹന്‍ലാല്‍ ബദോലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദേവേന്ദര്‍ കദ്യാന്‍ ഗനൗറില്‍ ബിജെപി വിമതനായാണ് സ്വതന്ത്രനായി മത്സരിച്ചിരുന്നത്. ബാഹാദുര്‍ഗയില്‍ നിന്നാണ് രാജേഷ് ജയിച്ചുകയറിയത്.
സ്വതന്ത്രയായി വിജയിച്ച രാജ്യത്തെ ഏറ്റവും സമ്പന്നയായ സ്ത്രീ കൂടിയായ സാവിത്രി ജിന്‍ഡലും ബിജെപിയെ പിന്തുണച്ചേക്കും. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അവര്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സ്വത്രന്ത്രയായി മത്സരിച്ചത്. ഹിസാറില്‍ നിന്നാണ് സാവിത്രി ജിന്‍ഡല്‍ വിജയിച്ചത്.
90 അംഗ ഹരിയാണ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടിയാണ് ബിജെപി ഹാട്രിക്കടിച്ച് അധികാരത്തിലേറിയത്. കോണ്‍ഗ്രസ് 37 സീറ്റില്‍ വിജയിച്ചപ്പോള്‍ ഐഎന്‍എല്‍ഡിക്ക് രണ്ടും സീറ്റുകള്‍ ലഭിച്ചിരുന്നു. മൂന്നിടങ്ങളില്‍ സ്വതന്ത്രരായിരുന്നു വിജയിച്ചത്. ഇവരുടെ പിന്തുണയും ഇപ്പോള്‍ ബിജെപിക്ക് ലഭിച്ചിരിക്കുകയാണ്.