വിമാനത്താവളത്തിൽ സ്വീകരിക്കാൻ 50 ലക്ഷം പേരെത്തുമെന്ന് ട്രംപിനോട് മോദി, നല്ല കാര്യമെന്ന് ട്രംപ്

വിമാനത്താവളത്തിൽ സ്വീകരിക്കാൻ 50 ലക്ഷം പേരെത്തുമെന്ന് ട്രംപിനോട് മോദി, നല്ല കാര്യമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: ഈ മാസം 24,25 തീയ്യതികളിൽ ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡൻ്റ്  ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാൻ എത്തുന്നത് 50 ലക്ഷം പേർ. അതുപോലെ തന്നെ  ഇന്ത്യന്‍ സന്ദര്‍ശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതായും ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണാനെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്രംപ് അറിയിച്ചത്.  

'ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എൻ്റെ സുഹൃത്താണ്, അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്'. ഇന്ത്യാസന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ട്രംപിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ അനുഗമിക്കുമെന്ന് മോദി അറിയിച്ചതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. 

'കഴിഞ്ഞ ദിവസം നടന്ന ഹംഷെയര്‍ റാലിയില്‍ വെറും അമ്പതിനായിരം പേരാണ് പങ്കെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ അന്‍പത് ലക്ഷത്തിലധികം പേരാണ് വിമാനത്താവളത്തില്‍ സ്വാഗതം ചെയ്യാനെത്തുന്നത്. ഇന്ത്യയില്‍ പണിതീര്‍ന്നു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലേക്ക് ഇത്രയധികം ജനങ്ങളാണ് ആനയിക്കുന്നത്. ഇതൊക്കെ നല്ല കാര്യമല്ലേ'. എന്നും ട്രംപ് പ്രതികരിച്ചു.

അതേസമയം ന്യായമായ രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കില്‍ ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ഒപ്പു വെക്കുമെന്നും ട്രംപ് വ്യക്തമാക്കി. അഹമ്മദാബാദിലും ന്യൂഡല്‍ഹിയിലുമാണ് ട്രംപ് സന്ദര്‍ശനം നടത്തുന്നത്. ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യാസന്ദർശനത്തിനെത്തും.