വാഹന പരിശോധനയ്ക്ക് ഒരു രക്തസാക്ഷി കൂടി:നടപടി ഭയന്ന് വീട്ടിലെത്തി യുവാവ് തൂങ്ങി മരിച്ചു

വാഹന പരിശോധനയ്ക്ക് ഒരു രക്തസാക്ഷി കൂടി:നടപടി ഭയന്ന് വീട്ടിലെത്തി യുവാവ് തൂങ്ങി മരിച്ചു

വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെപോയ ബൈക്ക് യാത്രികനെ തേടി വീട്ടിലെത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മടങ്ങിപ്പോയതിനു ശേഷം യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു. അകതിയൂര്‍ വെള്ളാമ്പത്ത് വീട്ടില്‍ കുട്ടന്‍റെ മകന്‍ സന്തീഷാണ് (34) മരിച്ചത്.തൃശൂര്‍ ശോഭ സിറ്റിയിലെ ബസ് ഡ്രൈവറായിരുന്നു സന്തീഷ്.ജോലി കഴിഞ്ഞ് ബൈക്കില്‍ വരുന്ന വഴി ഇന്നലെ ഉച്ചയ്ക്ക് കുന്നങ്കുളം പന്നിത്തടത്ത് വച്ചാണ് ദിവസേനയുള്ള വാഹന പരിശോധനയുടെ ഭാഗമായി വടക്കാഞ്ചേരി ആര്‍.ടി.ഒ. വിഭാഗം ബൈക്ക് നിറുത്താനായി കൈകാണിച്ചത്.

വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റജിമോന്‍റെ നേതൃത്വത്തില്‍ സനീഷ്, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് ബൈക്ക് കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യ പ്പെട്ടത്.എന്നാല്‍ നിര്‍ത്താതെ യുവാവ് അതിവേഗതയില്‍ ബൈക്ക് ഓടിച്ചുപോയി.ബൈക്കിന്‍റെ നമ്പര്‍ പരിശോധിച്ചശേഷം വെഹിക്കിള്‍ ഇന്‍സ്പെക്ടറു ടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഉച്ചതിരിഞ്ഞ് രണ്ടിന് യുവാവിന്‍റെ അകതിയൂരിലെ വീട്ടിലെത്തി.

ഈ സമയത്ത് സന്തീഷ് ബൈക്ക് കൂട്ടുകാരന്‍റെ വീട്ടില്‍ വച്ചശേഷം വീടിനുള്ളിലെ മുറിയില്‍ കയറി വാതിലടച്ച് ഇരിക്കുകയായിരുന്നു. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വീട്ടിലെത്തിയ സമയത്ത് സന്തീഷിന്‍റെ അമ്മ തങ്കമണിയും ഭാര്യ അശ്വതിയും മകള്‍ ദിയയും വീട്ടിലുണ്ടായിരുന്നു.ബൈക്ക് സഹോദരന്‍ സജീഷിന്‍റേതായിരുന്നുവെന്ന് വീട്ടുകാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറോട് പറഞ്ഞു. വെഹിക്കിള്‍ ഇന്‍സ്പെക്ടെര്‍ അശ്വതിയുടെ ഫോണില്‍നിന്ന് സജീഷിനെ വിളിച്ചു.

സംഭവം പറഞ്ഞശേഷം ബൈക്കിന്‍റെ രേഖകളുമായി വടക്കാഞ്ചേരി ആര്‍.ടി.ഒ. ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.അതിന്  ശേഷം അവര്‍ വാഹനത്തില്‍ മടങ്ങിപ്പോയി.ആര്‍.ടി.ഒ. അധികൃതര്‍ പോയശേഷം കുറച്ചു കഴിഞ്ഞ് വീട്ടുകാര്‍ സന്തീഷിന്‍റെ മുറിയുടെ ജനല്‍ തുറന്നു നോക്കിയ പ്പോഴാണ് മുറിക്കകത്ത് തുങ്ങി നില്‍ക്കുന്നത് കണ്ടത്. വീട്ടിലുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ വാതില്‍ തുറന്ന് യുവാ വിനെ പെരുമ്പിലാവിലെ അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ ബന്ധുക്കള്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ നാട്ടുകാരും പ്രതിഷേധത്തിലാണ്.