മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. സംഘർഷത്തിൽ 20 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ ഓടിക്കുന്നതിനായി ജിരിബാം ജില്ലയില്‍ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്തെ ബിജെപി, കൊണ്‍ഗ്രസ് ഓഫീസുകള്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ഓഫീസുകളിലെ ഫര്‍ണിച്ചറുകളും മറ്റ് വസ്തുവകകളും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് ഇംഫാല്‍ വെസ്റ്റിലും ഈസ്റ്റിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 7 ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിർത്തലാക്കി. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് വിഷയത്തെ പറ്റി അമിത് ഷായുടെ നേതൃത്വത്തിലുളള ഉന്നതതലയോഗം ദില്ലിയിൽ ചേരും. മണിപ്പൂർ സംഘർഷത്തിനെ തുടർന്ന് ഡല്‍ഹി ജന്തർ മന്ദിറിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. മണിപ്പൂർ സ്റ്റുഡന്റസ് അസോസിയേഷൻ,ഡൽഹി അസോസിയേഷൻ ഓഫ് മണിപ്പൂർ മുസ്ലിം സ്റ്റുഡന്റ്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മെയ്തേയ് വിഭാഗത്തിൽപ്പെട്ട ആറ് പേർ കൊല്ലപ്പെട്ടതിലാണ് സംഘടനകളുടെ പ്രതിഷേധം. സംഘർഷവുമായി ബന്ധപ്പെട്ട് 23 അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടുകൾക്ക് തീ വെച്ചതുൾപ്പടെയുള്ള കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മണിപ്പൂരിലെ കലാപാന്തരീക്ഷം സംസ്ഥാന സർക്കാരിന്റെ ഭരണപരാജയമെന്ന് ആരോപണമുയരുന്നതിനിടെ ഭരണകക്ഷി എംഎൽഎമാരുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്.
ഇംഫാലിൽ വൈകിട്ട് 6 മണിക്കാണ് യോഗം. ബിജെപി എംഎൽഎമാർക്ക് പുറമെ സഖ്യകക്ഷികളായ എൻപിഎഫ്, ജെഡിയു തുടങ്ങിയ പാർട്ടികളുടെ എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും. കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ ബിരേന്‍ സിങ് നയിക്കുന്ന സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് സഖ്യകക്ഷി എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.