വരുന്നൂ... കീറിമുറിക്കാത്ത പോസ്റ്റ് മോര്‍ട്ടം

വരുന്നൂ... കീറിമുറിക്കാത്ത പോസ്റ്റ് മോര്‍ട്ടം

ന്യൂഡല്‍ഹി: മൃതദേഹം കീറിമുറിക്കാതെതന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള സംവിധാനം ആറുമാസത്തിനകം ഇന്ത്യയിലും നടപ്പായേക്കും. ആദ്യഘട്ടത്തില്‍ ഡല്‍ഹി എയിംസിലായിരിക്കും ഇതു യാഥാര്‍ഥ്യമാകുകയെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജ്യസഭയെ അറിയിച്ചു. ഇതോടെ, തെക്കുകിഴക്കന്‍ ഏഷ്യന്‍മേഖലയില്‍ വിര്‍ച്വല്‍ ഓട്ടോപ്‌സി (കീറിമുറിക്കാതെയുള്ള പോസ്റ്റ്‌മോര്‍ട്ടം) നടപ്പാക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ.

ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലു (ഐ.സി.എം.ആര്‍.)മായി സഹകരിച്ചാണ് എയിംസില്‍ പദ്ധതി തുടങ്ങുക. ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. എയിംസിന് അഞ്ചുകോടി രൂപ ഐ.സി.എം.ആര്‍. നല്‍കി. സി.ടി. മെഷീന്‍ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. തുടക്കം എയിംസിലാണെങ്കിലും പിന്നീട് രാജ്യത്തെ മറ്റുസ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കും -മന്ത്രി അറിയിച്ചു.

എയിംസില്‍മാത്രം ഒരുവര്‍ഷം മൂവായിരത്തിലേറെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നുണ്ട്. നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അടക്കം ഒട്ടേറെ രാജ്യങ്ങളില്‍ വിര്‍ച്വല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നുണ്ട്.

''കീറിമുറിക്കാതെയുള്ള പോസ്റ്റ്‌മോര്‍ട്ടം മരിച്ചയാളുടെ ബന്ധുക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരുപോലെ സൗകര്യപ്രദമാണ്. ശരീരം കീറിമുറിക്കുന്നത് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് മനോവേദനയുണ്ടാക്കുന്ന കാര്യമാണ്. വിര്‍ച്വല്‍ ഓട്ടോപ്‌സിയിലൂടെ ഇത് ഒഴിവാക്കാം. ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ഏറെ ചെലവുവരും എന്നതാണ് ഒരു പോരായ്മ. കൂടാതെ കോടതിയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്.

- ഡോ. പ്രസന്നന്‍ (കോഴിക്കോട് മെഡിക്കല്‍കോളേജ് ഫൊറന്‍സിക് വിഭാഗം തലവന്‍)

 

വിര്‍ച്വല്‍ ഓട്ടോപ്‌സി

* ശരീരം കീറിമുറിക്കില്ല

* ആന്തരികാവയവങ്ങളും അസ്ഥികളും കലകളും യന്ത്രസഹായത്തോടെയാണു പരിശോധിക്കുക. (എം.ആര്‍.ഐ., സി.ടി. സ്‌കാന്‍)

* പ്രത്യേകബാഗിലാക്കിയ മൃതദേഹം സി.ടി. സ്‌കാന്‍ യന്ത്രത്തിലൂടെ കടത്തിവിടും. യന്ത്രം ആന്തരികാവയവങ്ങളുടേതടക്കം ചിത്രങ്ങള്‍ നിമിഷങ്ങള്‍കൊണ്ട് പകര്‍ത്തും.

* ഈ ചിത്രങ്ങള്‍ ഫൊറന്‍സിക് വിദഗ്ധര്‍ വിശകലനംചെയ്ത് മരണം സ്വാഭാവികമോ അസ്വാഭാവികമോയെന്നു കണ്ടെത്തും. മരണകാരണവും വിശകലനം ചെയ്യും.

* വെടിയുണ്ടയുടെ ഭാഗങ്ങള്‍, ആന്തരിക രക്തസ്രാവം, പരമ്പരാഗത പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള ഒടിവുകള്‍ തുടങ്ങിയവ കണ്ടെത്താനാവും

* പോസ്റ്റുമോര്‍ട്ടത്തിനെടുക്കുന്ന പരമാവധി സമയം അരമണിക്കൂര്‍

 

പരന്പരാഗത പോസ്റ്റ്‌മോര്‍ട്ടം

* പുറമേ കാണുന്ന മുറിവുകള്‍, മരണാനന്തരം ത്വക്കിലും പേശികളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ ബാഹ്യപരിശോധനയിലൂടെ രേഖപ്പെടുത്തുന്നു.

* ശരീരത്തിന്റെ മധ്യഭാഗത്തായി കീഴ്ത്താടിമുതല്‍ അടിവയര്‍വരെ നീളുന്ന മുറിവുണ്ടാക്കി ആന്തരാവയവങ്ങളെല്ലാം പുറത്തെടുക്കുന്നു. ഇതിനോടൊപ്പം തലയോട്ടി തുറന്ന് തലച്ചോറും പുറത്തെടുക്കുന്നു.

* ഹൃദയം, തലച്ചോര്‍, ശ്വാസകോശം, കരള്‍, വൃക്കകള്‍, ആഗ്‌നേയഗ്രന്ഥി, അഡ്രിനല്‍ ഗ്രന്ഥികള്‍, ലൈംഗികാവയവങ്ങള്‍ തുടങ്ങി എല്ലാ ആന്തരാവയവങ്ങളും വിശദമായ പരിശോധനയ്ക്കു വിധേയമാക്കി രോഗലക്ഷണങ്ങളും പരിക്കുകളും രേഖപ്പെടുത്തുന്നു.

* ആമാശയവും കുടലും പരിശോധിച്ച് വിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടോ എന്നു രേഖപ്പെടുത്തുന്നു. സാധാരണഗതിയില്‍ ഇത്രയും പരിശോധനയില്‍നിന്നു മരണകാരണം വ്യക്തമാകും.

* ഒന്നൊന്നരമണിക്കൂര്‍ എടുത്താണിതു ചെയ്യുന്നത്. ചില കേസുകളില്‍ രണ്ടു രണ്ടര മണിക്കൂര്‍ വരെ നീളാം.

വിര്‍ച്വല്‍ ഓട്ടോപ്‌സിയുടെ നേട്ടം

* സമയലാഭം.

*കീറിമുറിക്കുന്നത് ഒഴിവാകുന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തോടുള്ള ബന്ധുക്കളുടെ വിമുഖത കുറയും

*കൂടുതല്‍ വിദഗ്ധര്‍ക്ക് ഒരേസമയം വിലയിരുത്തല്‍ നടത്താം

*പോസ്റ്റ്‌മോര്‍ട്ടം വഴി ഡോക്ടര്‍മാര്‍ക്കും സഹായികള്‍ക്കും പകര്‍ച്ചവ്യാധി പിടിക്കാനുള്ള സാഹചര്യം ഇല്ലാതാകും