ന്യൂഡൽഹി: അപ്രതീക്ഷിതമായാണ് ഇന്നലെ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ പോയപ്പോൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ ജയിലിൽ വെച്ച് ഭരണം നടത്താനുള്ള സാധ്യതകളായിരുന്നു കെജ്‌രിവാള്‍ തേടിയത്.മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി അതിഷി, കെജ്രിവാളിൻ്റെ ഭാര്യ സുനിത എന്നിവരുടെ പേരുകളാണ് പിൻഗാമികളായി പറഞ്ഞു കേൾക്കുന്നത്
കർശന നിയന്ത്രണങ്ങളോടെയാണ് കോടതി ജാമ്യം നൽകിയത്. മുഖ്യമന്ത്രി എന്ന നിലക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ടായിരുന്നു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹം രാജിക്കാര്യം വ്യക്തമാക്കിയത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷമാണ് രാജിവെക്കുക എന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്തുകൊണ്ട് കെജ്‌രിവാള്‍ ഇപ്പോൾ തന്നെ രാജിവെക്കുന്നില്ല, 48 മണിക്കൂർ നേരത്തേക്ക് എന്തിന് കാത്തിരിക്കുന്നു എന്ന ചോദ്യങ്ങളും വിവിധ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. ബിജെപി അടക്കം ഇത് ഉന്നയിക്കുന്നുണ്ട്.
കെജ്‌രിവാളിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അറിയിച്ചിട്ടുണ്ട്. കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സ്പീക്കര്‍ ഇക്കാര്യം അറിയിച്ചത്