ബസിലെ ഡാന്‍സ് വൈറല്‍ ആയി:വനിതാ ഡ്രൈവറുടെ ജോലി പോയി

ബസിലെ ഡാന്‍സ് വൈറല്‍ ആയി:വനിതാ ഡ്രൈവറുടെ ജോലി പോയി

മുംബൈ: വിഡിയോ വൈറല്‍ ആയപ്പോള്‍ യോഗിതയ്ക്കു നഷ്ടപ്പെട്ടത് മോഹിച്ചു കിട്ടിയ ഡ്രൈവര്‍ ജോലി.നവിമുംബൈ മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിലെ ഡ്രൈവറായ യോഗിത മാണെയുടെ നൃത്തം ഡ്രൈവറായ കൂട്ടുകാരി പ്രീതി ഗവായ് ആണ് ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്തത്.വനിതകള്‍ ക്കായി വനിതകള്‍ ഓടിക്കുന്ന തേജസ്വിനി ബസിന്റെ ഡ്രൈവറാണ് യോഗിത.വിശ്രമ സമയത്ത് ഘണ്‍സോലി ഡിപ്പോയിലാണ് മറാഠി നാടോടിപ്പാട്ടു പാടി യോഗിത നൃത്തം ചെയ്തത്.

'ആയി ഭാവാചി ലാഡ്കി മി, ഗോരാ മലാ ഹവായ് ചിക്ണ നവ്‌ര' (അച്ഛനമ്മമാരുടെ ഓമനയായ എനിക്ക്, വെളുത്ത് സുമുഖനായ മാരനെ വേണം) ഓട്ടോറിക്ഷ ഡ്രൈവറായ കൂട്ടുകാരി പ്രീതി നൃത്തം മൊബൈലില്‍ റിക്കോര്‍ഡ് ചെയ്തപ്പോള്‍ വിലക്കിയെന്നു യോഗിത പറയുന്നു.താന്‍ യൂണിഫോമിലാണെന്നും റിക്കോര്‍ഡ് ചെയ്യരുതെന്നും പറഞ്ഞു.അവള്‍ ടിക്ടോക്കില്‍ ഇടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.നിരപരാധിയാണെന്നു താന്‍ യാചിച്ചു പറഞ്ഞിട്ടും അധികാരികള്‍ കേട്ടില്ല- യോഗിത പറയുന്നു.

ഡ്യൂട്ടി സമയത്ത് യൂണിഫോമില്‍ നൃത്തം ചെയ്തത് മോശമായ സന്ദേശം നല്‍കുമെന്നു നവിമുംബൈ മുനിസിപ്പല്‍ കമ്മിഷണര്‍ അണ്ണാ സാഹെബ് മിസാല്‍ ന്യായീകരിച്ചു.തേജസ്വിനി ബസ് ആരംഭിച്ച കഴിഞ്ഞ വര്‍ഷമാണ് കരാര്‍ അടിസ്ഥാനത്തില്‍ യോഗിത ഡ്രൈവറായി ചേര്‍ന്നത്.