തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ രാജൻ. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൃത്യമായി നീതി ലഭ്യമാക്കും. ആരെയും ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ല. എഡിഎം ആയിരുന്ന നവീൻ ബാബുവിനെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായവും റവന്യു വകുപ്പിന്റെ അഭിപ്രായവും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിൽ തന്നെ ഉറച്ച് നിൽക്കുന്നു. അന്വേഷണം നടക്കട്ടെ. സംഭവിച്ച കാര്യങ്ങൾ പകൽപോലെ വ്യക്തമാണ്. അത് ജനങ്ങൾ തന്നെ മനസിലാക്കിയിട്ടുണ്ട്’, മന്ത്രി പറഞ്ഞു.
നീലേശ്വരം വെടിക്കെട്ട് അപകത്തിൽ പരിക്കേറ്റവർക്ക് സർക്കാർ ധനസഹായം ഉറപ്പാക്കുമെന്നും ചികിത്സ ചിലവുകൾ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 101 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 21 പേർ ഐസിയുവിലാണ്. 7 പേർ വെന്റിലേറ്ററിൽ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ അന്വേൽണം ഗൗരവപൂർവം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ക്ഷേത്രോത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി 100 ല്‍ അധികം പേര്‍ക്ക് ഗുരുതരവും നിസ്സാരവുമായ പരിക്കേറ്റു, കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്നു എഫ്ഐആറിൽ പറയുന്നു