ചാര്‍ജും ചെയ്യാം പാട്ടും കേള്‍ക്കാം; ഷാവോമിയുടെ റേഡിയോ പവര്‍ബാങ്ക് പുറത്തിറക്കി

ചാര്‍ജും ചെയ്യാം പാട്ടും കേള്‍ക്കാം; ഷാവോമിയുടെ റേഡിയോ പവര്‍ബാങ്ക് പുറത്തിറക്കി

എഫ്എം റേഡിയോ സൗകര്യത്തോടെയുള്ള ഷാവോമിയുടെ പുതിയ പവര്‍ബാങ്ക് വിപണിയിലെത്തി. മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനോടൊപ്പം എഫ്എം റേഡിയോ കേള്‍ക്കാനും ഇതില്‍ സാധിക്കും. 

പഴയകാല റേഡിയോകള്‍ക്ക് സമാനമാണ് ഇതിന്റെ രൂപകല്‍പന. സാധാരണ ഷാവോമി പവര്‍ബാങ്കുകളെ പോലെ 10000 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. 138 ചൈനീസ് യുവാന്‍ ആണ് ഇതിന് വില. ഇത് ഇന്ത്യയില്‍ 1408 രൂപയോളം വിലവരും.

 

കൈ ചൂടുപിടിക്കുന്നതിനുള്ള ഹാന്റ് വാര്‍മര്‍ സംവിധാനത്തോടുകൂടിയുള്ള ഒരു പവര്‍ബാങ്ക് അവതരിപ്പിച്ചതിന് പിന്നാലെയാണ് എഫ്എം റേഡിയോ സൗകര്യത്തോടെയുള്ള പവര്‍ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. 

പവര്‍ബാങ്കിന്റെ ചാര്‍ജ് കപ്പാസിറ്റി അറിയുന്നതിനായി ഒരു ഡിജിറ്റല്‍ ഡിസ്‌പ്ലേ ഇതിന് നല്‍കിയിട്ടുണ്ട്. എഫ്എം റേഡിയോ ഓണ്‍ ആക്കുന്നതിനും ഓഫ് ആക്കുന്നതിനുമായി പ്രത്യേകം ബട്ടനും നല്‍കിയിരിക്കുന്നു.

ഒരു ഐഫോണ്‍ ടെന്‍ സ്മാര്‍ട്‌ഫോണ്‍ മൂന്ന് തവണ ചാര്‍ജ് ചെയ്യാന്‍ ഈ പവര്‍ബാങ്ക് ഉപയോഗിച്ച് സാധിക്കും. ചാര്‍ജിങിനായി യുഎസ്ബി 2.0 പോര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്. കറുപ്പ്, വെള്ള, പിങ്ക് നിറങ്ങളില്‍ ഷാവോമി റേഡിയോ പവര്‍ബാങ്ക് വിപണിയിലെത്തും.